ബംഗളൂരു ടെസ്റ്റിൽ ഓസീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; 75 റണ്‍സിന്റെ വിജയവുമായി ഇന്ത്യ, അശ്വിന് 6 വിക്കറ്റ്

single-img
7 March 2017

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. രണ്ടാമിന്നിങ്സില്‍ ഇഷാന്ത് ശര്‍മ്മയാണ് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അവരുടെ വിശ്വസ്തനായ ഓപ്പണര്‍ റെന്‍ഡഷായെ(5) ഇഷാന്ത് സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് അശ്വിന്റെ ഊഴമായിരുന്നു. വാര്‍ണറെ നിലയുറപ്പിക്കും മുമ്പ് അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ആദ്യ ഇന്നിങ്സിലെ അര്‍ധസെഞ്ചുറിക്കാരന്‍ ഷോണ്‍ മാര്‍ഷിനെ ഒമ്പത് റണ്‍സെടുത്ത് നില്‍ക്കെ ഉമേഷ് യാദവും പറഞ്ഞയച്ചു. പിന്നീട് സ്മിത്തും വെയ്ഡും മിച്ചല്‍ മാര്‍ഷും ചെറുത്ത് നില്‍ക്കാതെ കീഴടങ്ങി.

നേരത്തെ നാല് വിക്കറ്റിന് 213 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഓസീസ് പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 20 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റുകള്‍ കളഞ്ഞ ഇന്ത്യ 274 റണ്‍സിന് എല്ലാവരും പുറത്തായി.

അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അജിങ്ക്യെ രഹാനെയും നേരിട്ട ആദ്യ പന്തില്‍ തന്നെ കരുണ്‍ നായരും പുറത്തായി. സെഞ്ചുറിക്ക് എട്ട് റണ്‍സകലെ ചേതേശ്വര്‍ പൂജാരയും ക്രീസ് വിട്ടു.

പിന്നാലെ നാല് റണ്‍സെടുത്ത് അശ്വിന്‍ ഹെയ്സെല്‍വുഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. തന്റെ അടുത്ത ഓവറില്‍ ഉമേഷ് യാദവിനെ വാര്‍ണറുടെ കൈകളിലെത്തിച്ച് ഹെയ്സെല്‍വുഡ് ആറാം വിക്കറ്റ് ആഘോഷിച്ചു. പിന്നീട് ആറു റണ്ണെടുത്ത ഇഷാന്ത് ശര്‍മ്മയെ പുറത്താക്കി ഒക്കീഫെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.