രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 274 റണ്‍സിന് പുറത്ത്; ഓസീസിന്റെ വിജയ ലക്ഷ്യം 188

single-img
7 March 2017

ബംഗളുരു :ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 274 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട്. ഓസ്‌ട്രേലിയക്ക് 188 റണ്‍സ് വിജയ ലക്ഷ്യം.

നാല് വിക്കറ്റിന് 213 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഓസീസ് പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 20 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റുകള്‍ കളഞ്ഞ ഇന്ത്യ 274 റണ്‍സിന് എല്ലാവരും പുറത്തായി.

ഒന്നാം ഇന്നിങ്‌സിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കരുതലോടെയാണ് ഇന്ത്യ ബാറ്റിങിറങ്ങിയത്.മികച്ച സ്‌കോറായിരുന്നു ലക്ഷ്യമെങ്കിലും പ്രതീക്ഷത്ര സ്‌കോര്‍ നേടാനാന്‍ കഴിയാതെ എല്ലാവരും പുറത്താവുകയായിരുന്നു.

അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അജിങ്ക്യെ രഹാനെയും നേരിട്ട ആദ്യ പന്തില്‍ തന്നെ കരുണ്‍ നായരും പുറത്തായി. സെഞ്ചുറിക്ക് എട്ട് റണ്‍സകലെ ചേതേശ്വര്‍ പൂജാരയും ക്രീസ് വിട്ടു.

രഹാനെയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ കരുണ്‍ സ്റ്റാര്‍ക്കിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. മികച്ച ചെറുത്ത്നില്‍പ്പ് നടത്തിയ പൂജാരയെ 92 റണ്‍സെടുത്ത് നില്‍ക്കെ ഹെയ്സെല്‍വുഡ് മാര്‍ഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നാലെ നാല് റണ്‍സെടുത്ത് അശ്വിന്‍ ഹെയ്സെല്‍വുഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. തന്റെ അടുത്ത ഓവറില്‍ ഉമേഷ് യാദവിനെ വാര്‍ണറുടെ കൈകളിലെത്തിച്ച് ഹെയ്സെല്‍വുഡ് ആറാം വിക്കറ്റ് ആഘോഷിച്ചു. പിന്നീട് ആറു റണ്ണെടുത്ത ഇഷാന്ത് ശര്‍മ്മയെ പുറത്താക്കി ഒക്കീഫെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹ പുറത്താകാതെ 20 റണ്‍സ് നേടി.

നേരത്തെ 87 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ ഇന്നിങ്സിന് അടിത്തറ പാകിയത് ലോകേഷ് രാഹുലാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഒന്നാം ഇന്നിങ്സിലെ പ്രകടനം ആവര്‍ത്തിച്ച രാഹുല്‍ 51 റണ്‍സെടുത്തു. അഭിനവ് മുകുന്ദ്(16),വിരാട് കോലി(15),രവീന്ദ്ര ജഡേജ(2) എന്നിവര്‍ക്ക് ചെറിയ സ്‌കോര്‍ കണ്ടെത്താനേ കഴിഞ്ഞുള്ളൂ. പിന്നീട് അഞ്ചാം വിക്കറ്റില്‍ 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ രഹാനയും പൂജാരയും പരമ്പരയിലാദ്യമായി ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തുകയായിരുന്നു.

മൂന്നാം ദിനം ആറു വിക്കറ്റിന് 237 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസീസ് ഒന്നാമിന്നിങ്സില്‍ 276 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ആറു വിക്കറ്റ് പിഴുത രവീന്ദ്ര ജഡേജയാണ് മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഓസ്‌ട്രേലിയയെ പുറത്താക്കിയത്. അതേ സമയം ഒന്നാമിന്നിങ്സില്‍ ഇന്ത്യക്ക് 189 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.