സംസ്ഥാനത്തെ വരൾച്ച നേരിടാൻ കൃത്രിമ മഴയ്ക്കുളള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

single-img
7 March 2017

 

തിരുവനന്തപുരം : വരള്‍ച്ച നേരിടാന്‍ കൃത്രിമ മഴയ്ക്കുളള എല്ലാ സാധ്യതകളും തേടുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എത്രപണം ചെലവിട്ടിട്ടായാലും ജലവിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരള്‍ച്ചാ പ്രതിരോധത്തിലും കുടിവെള്ള വിതരണത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഷാഫി പറമ്പല്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ക്ലൗഡ് സീഡിങ് മാര്‍ഗത്തിലൂടെ മഴപെയ്യിക്കുന്നത് ഫലപ്രദമെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യകതമാക്കി. വരള്‍ച്ചക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചെന്നും പ്രതിരോധ നടപടികള്‍ ഒക്ടോബറില്‍ തുടങ്ങിയെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളുലും ഇതിനോടകം തന്നെ വേനല്‍ചൂട് രൂക്ഷമായിരിക്കുകയാണ്. ജലസ്രോതസ്സുകളെല്ലാം തന്നെ വറ്റിവരണ്ടിരിക്കുന്നതുമൂലം പല പ്രദേശങ്ങളിലും ശക്തമായ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

മഴയുടെ ലഭ്യതക്കുറവാണ് സംസ്ഥാാനത്ത് ചൂട് ഇത്തരത്തില്‍ വര്‍ധിക്കാന്‍ കാരണം. ഫലപ്രദമായ നടപടികള്‍ കൈക്കോണ്ടില്ലെങ്കില്‍ അതികഠിനമായ വരള്‍ച്ചയായിരിക്കും വരും നാളുകളില്‍ കേരളം നേരിടാന്‍ പോകുന്നത്.