19 പെണ്‍ഭ്രൂണങ്ങള്‍ കുഴിച്ചുമൂടപ്പെട്ട നിലയില്‍ മഹാരാഷ്ട്രയില്‍ കണ്ടെത്തി

single-img
6 March 2017

സംഗ്‌ലി: മഹാരാഷ്ട്രയിലെ സാംഗ്‌ലി ഗ്രാമത്തില്‍  19 പെണ്‍ഭ്രൂണങ്ങള്‍ കുഴിച്ചുമൂടപ്പെട്ട നിലയില്‍ കണ്ടെത്തി.

ഗര്‍ഭിണിയായിരിക്കെ ഭ്രൂണഹത്യ നടത്തിയ യുവതി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തവേയാണ് 19 പെണ്‍ഭ്രൂണങ്ങള്‍ കുഴിച്ചുമൂടപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്.
ആരും അറിയാതിരിക്കാനായാണ് ഇത്തരത്തില്‍ ഭ്രൂണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടതെന്ന് സാംഗ്‌ലി പൊലീസ് സൂപ്രണ്ട് ദത്രത്തേയ് ഷിന്‍ഡെ പറഞ്ഞു.

ഫെബ്രുവരി 28 നാണ് 26 കാരിയായ യുവതി അബോര്‍ഷന് വിധേയയാകുന്നത്. സംഭവത്തിന് പിന്നില്‍ ചില പ്രത്യേക റാക്കറ്റിന് പങ്കുണ്ടെന്നാണ് അറിയുന്നതെന്നും പൊലീസ് പറയുന്നു.
ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ അബോര്‍ഷന് വിധേയയാക്കിയത്. ഹോമിയോപ്പതിയില്‍ ബാച്ചിലര്‍ ഡിഗ്രി ചെയ്ത ഡോ. ബാബസാഹേബ് ആയിരുന്നു പെണ്‍കുട്ടിയെ ചികിത്സിച്ചത്. എന്നാല്‍ യുവതി മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ തന്നെയാണ് പൊലീസിനെ സമീപിച്ചത്. പെണ്‍വാണിഭ സംഘത്തിന് ഇതിലുള്ള ബന്ധം അന്വേഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവത്തിന് ശേഷം ഡോക്ടര്‍ ഒളിവിലാണ്.

മൂന്ന് ദിവസം മുന്‍പാണ് യുവതിയുടെ ഭര്‍ത്താവ് ഇവരേയും കൊണ്ട് ആശുപത്രിയില്‍ എത്തുന്നത്. മൂന്നാമത്തെ തവണയാണ് പെണ്‍കുട്ടി അബോര്‍ഷന് വിധേയയായത്. അതേസമയം അബോര്‍ഷന് താന്‍ എതിരായിരുന്നുവെന്നും മരുമകന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അബോര്‍ഷന്‍ നടത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.