അധികാരികള്‍ ഇനിയെന്ന് കണ്‍തുറക്കും..? പോലീസ് കസ്റ്റഡിമരണത്തിനിരയായ സഹോദരന്റെ നീതിക്കായി ഇനിയീ യുവാവിന് നല്‍കാനുള്ളത് സ്വന്തം പ്രാണന്‍ മാത്രം, സെക്രട്ടറിയേറ്റിനു മുന്നിലുള്ള നിരാഹാര സമരം 36-ാം ദിവസത്തിലേക്ക്

single-img
6 March 2017

തിരുവനന്തപുരം: ഒരു വര്‍ഷത്തിലേറെയായി ശ്രീജിത്ത് എന്ന യൂവാവ് സെക്രട്ടറിയേറ്റിന്റെ പടിക്കലുണ്ട് .കൃത്യമായി പറഞ്ഞാല്‍ 419 ദിവസം. പോലീസ് കസ്റ്റഡിയിലിരിക്കെ ദൂരൂഹ മരണം സംഭവിച്ച തന്റെ പൊന്നനുജന്റെ നീതിക്കായി നടത്തുന്ന സമരത്തിന് അധികാരികള്‍ക്കിടയില്‍ നിന്ന് യാതാരു പ്രതികരണവുമില്ലാത്ത സാഹചര്യത്തില്‍ ശ്രീജിത്ത് ആരംഭിച്ച നിരാഹാര സമരം 36-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണിപ്പോള്‍.

പ്രാണന്‍ നഷ്ടപ്പെട്ടാലും തങ്ങള്‍ക്ക് നീതി ലഭിക്കുന്നത്‌ വരെ നിരാഹാരമനുഷ്ഠിക്കാനാണ് ഈ യുവാവിന്റെ തീരുമാനം. പക്ഷേ കൊടിവെച്ച കാറുകളില്‍ തലങ്ങും വിലങ്ങും പായുന്നവർക്ക് ഈ പറഞ്ഞ കണക്കുകള്‍ ഒന്നുമല്ലായിരിക്കും. അനുജന്റെ നീതിക്ക് വേണ്ടി ജീവന്‍വരെ സമര്‍പ്പിച്ച് ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ശ്രീജിത്തിനെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.

പോലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയില്‍ വെച്ച് ദുരൂഹമരണം സംഭവിക്കുകയും ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ ജേഷ്ഠനാണ് ശ്രീജിത്ത്.

ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ ബന്ധുവിന്റെ മകളും ശ്രീജീവും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ പ്രണയം അംഗീകരിക്കാനാവാത്ത വീട്ടുകാര്‍ പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. മറ്റൊരു വിവാഹത്തിന് താല്‍പര്യമില്ലാത്ത യുവതി കാമുകനോടൊപ്പം ഒളിച്ചോടുമോ എന്ന ഭയത്താല്‍ പെണ്‍വീട്ടുകാര്‍ കണ്ട ഉപായമായിരുന്നു ശ്രീജീവിനെ ഒരു മോഷണക്കേസില്‍ കുടുക്കി അകത്താക്കുക എന്നത്.

2016 ല്‍ നടന്ന ഈ അറസ്റ്റിനെതിരെ അന്ന് വലിയ രീതിയിലുള്ള പ്രതിഷേധവുമുണ്ടായിരുന്നു. എന്നാല്‍ ആ യുവാവിനെ കുറിച്ച് പിന്നീട് വന്ന വാര്‍ത്ത അടി വസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചുവെച്ച് ആത്മഹത്യ ചെയ്തുവെന്നാണ്. ശ്രീജീവിന്റെ മരണവാര്‍ത്തയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അന്നാരുമണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പോലീസ് ആത്മഹത്യയെന്നു വരുത്തി തീര്‍ത്ത ഈ കസ്റ്റഡി മരണത്തിലെ യഥാര്‍ത്ഥ പ്രതികള്‍ വാദി പക്ഷത്തിന്റെ പ്രബലത കൊണ്ട് സംരക്ഷിക്കപ്പെടുകയും ചെയ്തു.

പക്ഷേ സ്വന്തം പ്രാണന്‍ നല്‍കിയാണെങ്കിലും തന്റെ എല്ലാമെല്ലാമായിരുന്ന പൊന്നനുജന് ലഭിക്കേണ്ട നീതി മറക്കാന്‍ ശ്രീജിത്ത് തയ്യാറല്ലായിരുന്നു. പണവും അധികാരവും കൊടിയേന്തിയ രാഷ്ട്രീയവുമൊന്നും പിന്നില്‍ അണിനിരക്കാന്‍ ഇല്ലാതിരിന്നിട്ടും നിരപരാധിയായിരുന്ന അനുജനെ ക്രൂരമായി കൊലപ്പെടുത്തിയ പോലീസുകാരെയും അവര്‍ക്ക് സംരക്ഷണം നല്‍കിയ അധികാരി വര്‍ഗ്ഗത്തെയും ഒറ്റയാള്‍ പോരാട്ടത്തിലൂടെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് നീതി ഉറപ്പാക്കണമെന്നത് ശ്രീജിത്തിന്റെ നിശ്ചയദാര്‍ഢ്യമായിരുന്നു.

മനുഷ്യാവകാശ സംഘടനകളുടെ നിര്‍വചനങ്ങള്‍ മാറ്റി എഴുതിയത് അറിഞ്ഞതുകൊണ്ടാവും ഒരു പക്ഷേ ഈ യുവാവ് ഒറ്റയാള്‍ പോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചത്. അതിപ്പോള്‍ 419 ദിവസം പിന്നിട്ടിരിക്കുകയാണ്.

തെരുവുപട്ടികള്‍ക്ക് വേണ്ടി വരെ ശബ്ദിക്കാന്‍ നമ്മുടെ നാട്ടില്‍ ആളുകളുണ്ട്. എന്നാല്‍ സെക്രട്ടറിയേറ്റിന്റെ ഫുട്പാത്തില്‍ സംസാരിക്കാന്‍ പോലുമാവാതെ പ്രാണന്‍ മാത്രം നിലനിര്‍ത്തി മരിച്ച് ജീവിക്കുന്ന ശ്രീജിത്തിന്റെയടുത്ത് ആശ്വാസ വാക്കുമായിട്ടെങ്കിലും ഒരു സംഘടനയെയൊ കൊടിക്കാരെയൊ അതിന്റെ ഏഴയലത്തുപോലും ഇന്നുവരെ കണ്ടില്ല.

വേണ്ടാത്തതിനും വേണ്ടതിനുമൊക്ക ആളെ കൂലിക്ക് നിര്‍ത്തി വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്നവരാണ് യുവജനസംഘടനകള്‍ അടക്കമുള്ള ഇവിടുത്തെ രാഷ്്ട്രീയ പാര്‍ട്ടികള്‍. ഇവരും ശ്രീജിത്തിനെ തിരിഞ്ഞു നോക്കുകയുണ്ടായില്ല.

എന്നാല്‍ അധികാരികള്‍ക്ക് യാതൊരു കുലുക്കവുമില്ല. സാധാരണക്കാര്‍ക്കിവിടെ ഒരിക്കലും നീതി കിട്ടില്ലെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയണാണവര്‍. ഇങ്ങനെയെത്രയെത്ര സമരങ്ങളും നിരാഹാരങ്ങളും തങ്ങള്‍ കണ്ടിരിക്കുന്നുവെന്ന മട്ടില്‍ അവര്‍ ശ്രീജിത്തിനെതിരെ കണ്ണടയ്ക്കുകയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്ന ഇവര്‍ക്ക് പ്രാണന്റെ വിലയറിഞ്ഞോളണമെന്നില്ലല്ലോ….

ഇനിയെങ്കിലും അധികാരികള്‍ ഇത് കണ്ടില്ലെന്നു നടിക്കരുത്. ആരോഗ്യസ്ഥിതി വഷളായ ശ്രീജിത്തിന്റെ മരണവാര്‍ത്ത വൈകാതെ തന്നെ ചാനലുകളിലും പത്രത്താളുകളിലും മിന്നി മറഞ്ഞേക്കാം. അതിനു മുമ്പ് നിരപരാധിയായ തന്റെ മകന്റെ ചേതനയറ്റ ശരീരം കണ്ട് നീറിനീറി ജീവിക്കുന്ന ഒരമ്മയുടെയും പ്രാണനേക്കാള്‍ പൊന്നനുജനെ സ്‌നേഹിച്ച് നീതിക്ക് വേണ്ടി പോരാടുന്ന ഏട്ടന്റെയും വേദനയ്ക്കു മുന്നില്‍ ഇവിടുത്തെ അധികാരികള്‍ കണ്‍ തുറന്നേ മതിയാകൂ……