പ്രധാനമന്ത്രിയുടെ ആ ഷാള്‍ എനിക്ക് വേണം;മാധ്യമങ്ങൾ ആഘോഷിച്ച ശില്‍പി തിവാരി ആരെന്നറിയാമോ?

single-img
3 March 2017


ന്യൂഡല്‍ഹി: യുവതിയുടെ ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക സമ്മാനം. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും സംഘപരിവാര്‍ അനുകൂലികളും ഒരു പോലെ ആഘോഷമാക്കിയ ഒരു വാര്‍ത്തയായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ഷാള്‍ വേണ’മെന്ന് ട്വീറ്റ് ചെയ്ത ശില്‍പി തിവാരിക്കാണ് പ്രധാനമന്ത്രി തന്റെ കഴുത്തില്‍ കിടന്ന ഷാള്‍ നല്‍കി എന്നായിരുന്നു വാര്‍ത്ത. മുന്‍മാനവവിഭവശേഷി മന്ത്രിയും, ഇപ്പോള്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രിയുമായ ശ്രീമതി സ്മൃതി ഇറാനിയുടെ വലംകൈ ആണ് ശില്‍പി തിവാരി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ സ്മൃതി ഇറാനി മത്സരിച്ചപ്പോള്‍ പ്രചരണ ചുമതല വഹിച്ചിരുന്നത് ശില്‍പി തിവാരിയാണ്.

 

 

‘പ്രധാനമന്ത്രിയുടെ ആ ഷാള്‍ എനിക്ക് വേണ’മെന്ന് ട്വീറ്റ് ചെയ്ത ശില്‍പി തിവാരി എന്ന ഡല്‍ഹി യുവതിയ്ക്ക്, പ്രധാനമന്ത്രി തന്റെ കഴുത്തില് കിടന്ന ഷാള് നല്കി എന്നും, ട്വീറ്റ് ചെയ്ത് ഒരു ദിവസത്തിനകമാണ് പ്രധാനമന്ത്രി കൈയൊപ്പിട്ട പ്രിന്റൗട്ടോടെ ഷാള് ശില്പിയുടെ കൈകളിലെത്തിയത് എന്നുമായിരുന്നു വാര്‍ത്ത. പിന്നാലെ ഷാള്‍ കഴുത്തില് അണിഞ്ഞുള്ള ചിത്രം, ‘ദിവസവും അനേകം മൈലുകള്‍ സഞ്ചരിക്കുന്ന, ആധുനിക ഇന്ത്യയുടെ കര്‍മയോഗിയില്‍ നിന്ന് ലഭിച്ച അനുഗ്രഹത്തില് ഏറെ സന്തോഷമുണ്ടെന്ന’ കുറിപ്പോടെ ശില്‍പി തിവാരി ട്വിറ്ററില് പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സോഷ്യല്‍ മീഡിയയില്‍ മോദിയെ അഭിനന്ദിച്ചുള്ള പോസ്റ്റുകള്‍ വന്നിരുന്നു.
സ്മൃതി ഇറാനിയുടെ ഓഫീസ് ഡിജിറ്റല്‍ കണ്‍സല്‍ട്ടന്റായി ശില്‍പി തിവാരിയെ നിയമിക്കാന്‍ നടത്തിയ നീക്കം വലിയ വിവാദമായിരുന്നു. എം.ടെക് അടിസ്ഥാന യോഗ്യതയുള്ള ഈ പദവിക്ക് ആര്‍ക്കിടെക്കച്ചര്‍ ബിരുദധാരിയായ ശില്പിക്ക് ഇളവ് നല്കണമെന്ന് സ്മൃതി ഇറാനിയുടെ ഓഫീസ് ആവശ്യപ്പെട്ടതായിരുന്നു വിവാദം സൃഷ്ടിച്ചത്. ജെ.എന്‍.യുവിലെ രാജ്യവിരുദ്ധ പ്രസംഗം ഉള്‍പ്പെടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ചതിനു പിന്നിലും ശില്‍പി തിവാരിയാണ്. ഈ വീഡിയോയെ അടിസ്ഥാനമാക്കിയായാണ് കനയ്യകുമാറിനും മറ്റു വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയതും അറസ്റ്റ് ചെയ്തതും. എന്നാല്‍ ഇവ വ്യാജമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. വിവാദ പ്രസംഗമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ഏഴു വീഡിയോകളില്‍ മൂന്നെണ്ണം വ്യാജമാണൊണ് ഡല്‍ഹി പോലീസിന്റെ ഫോറന്‍സിക് വിഭാഗം കണ്ടെത്തിയത്. ശില്‍പി തിവാരി തന്റെ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ് ലോഡ് ചെയ്തതെന്നും ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

യാഥാര്‍ഥത്തില്‍ വിഡീയോ വ്യാജമാണെന്ന വാര്‍ത്ത പുറത്തു വന്നതിന് ശേഷം ശില്‍പി തിവാരി സോഷ്യല്‍ മീഡിയകളില്‍ നിന്നും മുങ്ങുകയായിരുന്നു.പ്രധാനമന്ത്രി മോദിയും, ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിയും പോലുള്ള ബി.ജെ.പിയുടെ ഉയര്‍ന്ന നേതാക്കള്‍ ശില്‍പി തിവാരിയുടെ ട്വിറ്റില്‍ ഫോളോവേഴ്‌സ് ആണ്.എന്നാല്‍ ബി.ജെ.പിയുമായി ഇത്രയും അടുത്ത ബന്ധമുള്ള ശില്‍പിയെ യാതൊരു മുന്‍പരിചയവുമില്ലാത്ത പ്രധാനമന്ത്രി ഷാള്‍ സമ്മാനമായി നല്‍കി എന്ന തരത്തിലാണു ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീമും ചില മാധ്യമങ്ങളും ആഘോഷിച്ചത്. എന്തായാലും വാര്‍ത്തകള്‍ സൃഷ്ടിച്ച് അതില്‍ നിന്ന് സ്വയം ഇമേജ് നിര്‍മ്മിയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ മിടുക്ക് ഒന്നുകൂടി തെളിയിക്കുന്നതായി മോദിയുടെ ഷാള്‍ സമ്മാനവും അതിനെ തുടര്‍ന്ന് വന്ന വാര്‍ത്തകളും. അതിനോടൊപ്പം തന്നെ കനയ്യകുമാറിനും മറ്റു വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താന്‍ കാരണമായ വ്യാജ വീഡിയോ സൃഷ്ടിച്ചയാള്‍ക്കു തന്നെ പ്രധാന മന്ത്രിയുടെ സമ്മാനം ഉചിതമായോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

 

Read More:ജെഎന്‍യു വിഷയത്തില്‍ കനയ്യ കുമാര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത് സ്മൃതി ഇറാനിയുടെ മുന്‍ സഹായി ശില്‍പി തിവാരി