ദമ്പതികളുടെ അവകാശവാദം:ധനുഷ് അടയാള പരിശോധനക്കെത്തിയത് അമ്മക്കൊപ്പം

single-img
28 February 2017

ചെന്നൈ: തെന്നിന്ത്യൻ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികൾ സമർപ്പിച്ച പരാതിയിന്മേലുള്ള തെളിവെടുപ്പിനായി നടൻ കോടതിയിൽ ഹാജരായി. മദ്രാസ് ഹൈക്കോടതിയിലെ മധുര ​​ബഞ്ചിനു മുന്നിലാണ്​ ധനുഷ്​ നേരിട്ട്​ ഹാജരായത്​. തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനക്കായി അമ്മ വിജയലക്ഷ്മിക്കൊപ്പമാണ് നടൻ കോടതിയിലെത്തിയത്.

മധുരയിലെ മേലൂരിനടുത്തുള്ള മാലംപട്ടയിലുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് അവരുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്. മകന്‍ ചെറുപ്പത്തില്‍ സിനിമാമോഹവുമായി നാടുവിട്ട് പോവുകയായിരുന്നുവെന്നും പിന്നീട് സംവിധായകന്‍ കസ്തൂരി രാജ ധനുഷിനെ കൈക്കലാക്കുകയുമായിരുന്നുവെന്നാണ് ദമ്പതികള്‍ പറയുന്നത്. എന്നാല്‍ തനിക്ക് ഈ കേസുമായി ബന്ധമില്ലെന്നും ഇത് തള്ളിക്കളയണമെന്നും ധനുഷ് ആവശ്യപ്പെട്ടിരുന്നു. ഈ കേസിന്റെ വാദം കേള്‍ക്കുമ്പോഴാണ് കോടതി യഥാര്‍ത്ഥ സ്‌കൂള്‍ രേഖകള്‍ ഹാജരാക്കാന്‍ ധനുഷിനോട് ആവശ്യപ്പെട്ടത്. ധനുഷ് ഹാജരാക്കിയ ചെന്നൈ സ്‌കൂളിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ എഴുതേണ്ട കോളമില്ലായിരുന്നു. തുടര്‍ന്നാണ് ദമ്പതികള്‍ അവകാശപ്പെടുന്ന അടയാളങ്ങള്‍ ധനുഷിന്റെ ശരീരത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയിൽ പ്രകാരം അവരുടെ കാണാതായ മകന്‍റെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈയിൽ കൈയിൽ ഒരു കലയുമുണ്ട്.
1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്.