മലബാര്‍ സിമന്റ്സ് അഴിമതി ;വി.എം രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
28 February 2017
കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ (ചാക്ക് രാധാകൃഷ്ണന്‍) മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫ്ലൈ ആഷ് അഴിമതി കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്.കേസില്‍ മുന്‍കൂര്‍ ജാമ്യമില്ലെന്നും  രാധാകൃഷ്ണനോട്‌
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി  നിര്‍ദേശിച്ചു.
മലബാര്‍ സിമന്റ്‌സിലെ അഴിമതി ആരോപണങ്ങളം തുടര്‍ന്ന് രണ്ട് കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഫ്‌ലൈ ആഷ് ഇറക്കുമതി ചെയ്യുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ് അടക്കം ഏഴ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 വി.എം. രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട മലബാര്‍ സിമന്റ്സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ആരോപണ വിധേയനായ വിഎം രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോ എന്ന് ചോദിച്ച കോടതി, കേസ് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ കാണുന്നില്ലെയെന്ന വിമര്‍ശനവും നേരത്തെ ഉന്നയിച്ചിരുന്നു.