പിണറായിയുടെ സന്ദര്‍ശനദിവസം ബന്ദിനെ തുടർന്നുണ്ടായ എല്ലാ നഷ്ടങ്ങളും സംഘ്പരിവാറില്‍നിന്ന് ഈടാക്കാൻ കർണ്ണാടക സർക്കാരിന്റെ നിർദ്ദേശം.

single-img
27 February 2017

മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരൂ സന്ദര്‍ശന ദിനം ബന്ദ് ആചരിച്ച സംഘ്പരിവാര്‍ നടപടിയ്ക്കെതിരേ ശക്തമായ നടപടിയുമായി കര്‍ണ്ണാടക സര്‍ക്കാര്‍.പിണറായിയുടെ സന്ദര്‍ശനദിവസം ബന്ദാചരിച്ച് ഇരു സംസ്ഥാനങ്ങളും തമ്മില്‍ പുലര്‍ത്തേണ്ട മര്യാദക്ക് കളങ്കംവരുത്തിയ സംഘ്പരിവാറില്‍നിന്ന് ആ ദിവസമുണ്ടായ എല്ലാ നഷ്ടങ്ങളും ഈടാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന വനം-പരിസ്ഥിതി മന്ത്രി ബി. രമാനാഥ റൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണഘടനാനുസൃതം തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹത്തോട് ജനാധിപത്യമര്യാദയും കാണിക്കേണ്ടതുണ്ട്. അതിന് ചിലര്‍ തടസ്സമായെന്ന് മന്ത്രി പറഞ്ഞു.

ബന്ദ് കാരണം വിദ്യാര്‍ഥികള്‍ക്ക് പി.യു പരീക്ഷ എഴുതാന്‍ കഴിയാതായ സാഹചര്യം സൃഷ്ടിച്ചത് ആര്‍.ടി.ഒയുടെ വീഴ്ചയാണ്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവും. 124 പി.യു കോളജുകളില്‍നിന്നായി 17,315 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 45 പേര്‍ക്ക് മാത്രമാണ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്.ബന്ദ് ദിനത്തില്‍ സ്വകാര്യബസുകള്‍ നിരത്തിലിറക്കാത്തത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കി. ഇനിമുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തി പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനു ശക്തമായ സുരക്ഷയാണു കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.പരിപാടി തടസ്സമില്ലാതെ നടത്തുന്നതിന് 4000 പോലീസുകാരെ വിന്യസിച്ചിരുന്നു.700 സി.സി.ടി.വി. ക്യാമറകളും ആറ് ഡ്രോണുകളും മതസൗഹാര്‍ദറാലി കടന്നുപോകുന്ന വഴികളില്‍ നിരീക്ഷണത്തിനുണ്ടായിരുന്നു