തിരിച്ച് വന്നപ്പോൾ നോക്കിയ 3310 ആളാകെ മാറി;ക്യാമറ, ഡ്യുവൽ സിം, മെമ്മറി കാർഡ് കൂടാതെ അത്യുഗ്രൻ ബാറ്ററിയും

single-img
27 February 2017


നോക്കിയയെ ജനകീയമാക്കിയ 3310 ഹാൻഡ്സെറ്റ് തിരിച്ചെത്തി. എച്ച്എംഡി ഗ്ലോബൽ കമ്പനിയുടെ പുതിയ നോക്കിയ 3310 ഫോണുകൾ ഇന്നലെ വിപണിയിലിറക്കി. ജൂലായോടെ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തും. 3400 രൂപയാകും ഇന്ത്യൻ വിപണിയിലെ വില. കഴി‍ഞ്ഞ ദിവസം ബാഴ്സലോണയിൽ നടന്ന ചടങ്ങിലാണ് നോക്കിയയുടെ പുതിയ ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചത്.

നോക്കിയ 6, 5, 3 , നോക്കിയ 3310 എന്നീ നാല് ഹാൻഡ്സെറ്റുകളെയാണ് കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയത്.
ഡ്യുവൽ സിം ഫോണായാണ് 3310 അവതരിപ്പിച്ചിരിക്കുന്നത്. ഫിസിക്കൽ കീബോർഡ് തന്നെയാണ് നൽകിയതെങ്കിലും ഡിസ്പ്ലേ കളറാക്കിയിട്ടുണ്ട്. 2 എംപി കാമറയും മൈക്രോ എസ്ഡി കാർഡും ഫോണിൽ ഉൾപ്പെടുത്തി. തുടർച്ചയായി 22 മണിക്കൂർ സംസാരിക്കാൻ തക്ക ബാറ്ററി ശേഷിയുള്ള ഫോണിൽ ഒരു മാസം വരെ ചാർജ് നിലനിൽക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. നോക്കിയയുടെ ഏറെ ജനകീയമായ സ്നേക് ഗെയിമും ഈ ഹാൻഡ്സെറ്റുകളിലുണ്ട്.
ജിഎസ്എം മൊബൈൽ ഫോണായ നോക്കിയ 3310 ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് 2000 ത്തിലാണ്. ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ മൊബൈൽ ഫോണുകളിലൊന്നാണ് നോക്കിയ 3310. പുറത്തുവന്ന കണക്കുകൾ പ്രകാരം 12.6 കോടി നോക്കിയ 3310 ഫോണുകൾ വിറ്റുപോയിട്ടുണ്ട്.