തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട;തമിഴ്‌നാട് സ്വദേശിയില്‍ നിന്നും പിടിച്ചെടുത്തത് 3 കിലോയോളം കഞ്ചാവ്

single-img
25 February 2017

തിരുവനന്തപുരം : ജില്ലയിലെ പ്രധാന കഞ്ചാവ് മൊത്ത വില്‍പനക്കാരനായ തമിഴ്‌നാട് ഉസ്‌ലംപെട്ടി സ്വദേശി വിനോദി (28) നെ 3 കിലോയോളം കഞ്ചാവുമായി ഷാഡോ പോലീസ് പിടികൂടി. കഴക്കൂട്ടം റെയില്‍വേസ്റ്റേഷനടുത്തുള്ള ഇടറോഡില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.

ജില്ലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടത്തുന്ന കഞ്ചാവ് വില്‍പന വ്യാപകമായതോടെ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. അടുത്തിടെ പിടിയിലായ കഞ്ചാവ് ചില്ലറവില്‍പനക്കാരനില്‍ നിന്നും നഗരത്തിലെ മൊത്ത വിതരണക്കാരുടെ ശൃംഖലയെക്കുറിച്ച് പോലിസിന് വ്യക്തമായ സൂചനയും ലഭിച്ചിരുന്നു. .തുടര്‍ന്ന് പോലീസ് നടത്തിയ ആസൂത്രിത നീക്കമാണ് വിനോദിനെ വലയിലാക്കിത്.
ആഡ്രയില്‍ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി ഇവിടുത്തെ കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് പതിനായിരം രൂപ നിരക്കിലായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. അവര്‍ ഇത് 200,500 രൂപ പൊതികളിലാക്കി ഏകദേശം എണ്‍പതിനായിരം രൂപയ്ക്കു മുകളില്‍ വില്പന നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. കഞ്ചാവ് വില്‍പനയിലൂടെ ലഭിക്കുന്ന അമിതലാഭം തന്നെയാണ് പലരെയും ഈ മേഖയയിലേക്ക് ആകര്‍ഷിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇയാളില്‍ നിന്നും മറ്റ് കഞ്ചാവ് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും വരും ദിവസങ്ങളില്‍ ഈ മേഖലകളിലുള്ള കൂടുതല്‍ അന്വഷണം തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ഡി.സി.പി അരുള്‍ വി.കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ അറസ്റ്റില്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍് കമ്മീഷണര്‍ സുരേഷ്‌കുമാര്‍.വി,കഴക്കൂട്ടം സൈബര്‍സിറ്റി അസിസ്റ്റന്‍് കമ്മീഷണര്‍ പ്രമോദ്കുമാര്‍ ,സി.ഐ അജയകുമാര്‍, എസ്.ഐ ഷാജി , സിറ്റി ഷാഡോ ടീമംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.