സ്‌കൂള്‍ ബസില്‍ വേഗപൂട്ടും സിസിടിവിയും ജിപിഎസ് സംവിധാനവും വേണം; സി.ബി.സി.ഇ.യുടെ പുതിയ സര്‍ക്കുലര്‍.

single-img
25 February 2017

ന്യൂഡല്‍ഹി: സ്‌കൂള്‍ ബസില്‍ വേഗപൂട്ടും സിസിടിവിയും ജിപിഎസ് സംവിധാനവും സ്ഥാപിക്കാന്‍ നിർദ്ദേശിച്ച് സി.ബി.സി.ഇ. സര്‍ക്കുലര് പുറത്തിറക്കിയത്. പരിശീലനം ലഭിച്ച വനിതാ ഗാര്‍ഡ്, കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരല്ലാതെ പുറമെനിന്നുള്ള മറ്റാരെങ്കിലും ഒരുകാരണവശാലും ബസില്‍ വിദ്യാര്‍ഥികളുമായി യാത്രചെയ്യുന്ന സമയത്ത് ഉണ്ടാകാന്‍ പാടില്ല. പി ടി എ പ്രതിനിധികളായ ഏതെങ്കിലും ഒരാള്‍ക്ക് മേല്‍നോട്ടക്കാരനായി യാത്രചെയ്യാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശില്‍ സ്‌കൂള്‍ ബസ്സ് ലോറിയുമായി കൂട്ടിയിടിച്ച് 12 കുട്ടികളും ഡ്രൈവറും മരിക്കുകയും 35 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ തീരുമാനം. സുരക്ഷ സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് സി ബി എസ് ഇ പുറപ്പെടുവിച്ചത്.
വാഹനത്തിന്റെ വേഗം ഒരിക്കലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ പരിധിയില്‍ കൂടരുത്. ലംഘിക്കപ്പെട്ടാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും, ഓരോ സ്‌കൂളിലും ഒരു ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ഉണ്ടായിരിക്കണം. ഈ മാനേജര്‍ക്കായിരിക്കും വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ സംബന്ധിച്ച ഉത്തരവാദിത്വം, ഐഎസ്‌ഐ മുദ്രയുള്ള അഗ്‌നിശമനി വേണം, ഏതെങ്കിലും അപകടം വരുത്തിയതിനോ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനോ അമിതവേഗത്തില്‍ ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ട ആളെ ഡ്രൈവറാക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്.
സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്വമെന്നും ഡെപ്യൂട്ടി സെക്രട്ടറി ശ്രീനിവാസന്‍ ഒപ്പുവച്ച ഉത്തരവില്‍ പറയുന്നു.
രാജ്യത്തെ 18,000 സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കുമാണ് ഈ സര്‍ക്കുലര്‍ ബാധകം.