മുഖ്യമന്ത്രി മംഗളൂരുവിൽ എത്തി;പിണറായിയുടെ സുരക്ഷയ്ക്ക് 4000 പൊലീസുകാരും ഡ്രോണുകളും ഒരുക്കി കര്‍ണാടക പൊലീസ്;ശക്തമായ സുരക്ഷ ഒരുക്കിയതോടെ മുഖ്യമന്ത്രിയെ തടയില്ലെന്ന് ബിജെപി

single-img
25 February 2017


കണ്ണൂർ: സിപിഎം ദക്ഷിണകന്നഡ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ എത്തി. കണ്ണൂരിൽനിന്നു ട്രെയിൻ മാർഗമാണ് മുഖ്യമന്ത്രിയുടെ യാത്ര. റെയിൽവേ എസ്പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.

പരിപാടി തടസമില്ലാതെ നടത്തുന്നതിനായി 4000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുളളത്. കൂടാതെ 700 സിസിടിവി ക്യാമറകളും ആറ് ഡ്രോണുകളും റാലി പോകുന്ന വഴികളില്‍ നിരീക്ഷണത്തിനുണ്ടാകും. മദ്യശാലകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി 23 മജിസ്‌ട്രേറ്റുമാരെ നഗരത്തിന്റെ പല ഭാഗത്തുമായി തയ്യാറാക്കി നിര്‍ത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

സംഘപരിവാറിന്റെ ഭീഷണിക്കിടയിലും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ഇന്നലെ വ്യക്തമാക്കിയിരുന്നു. കേരള മുഖ്യമന്ത്രിക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉറപ്പ് നല്‍കിയിരുന്നു.

സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത മംഗളൂരുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. പ്രകടനം നടത്താനോ സംഘം ചേരാനോ ഹര്‍ത്താല്‍ നടത്താനോ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന മത സൗഹാര്‍ദ്ദ പരിപാടിക്ക് നിരോധനാജ്ഞയില്‍ ഇളവ് നല്‍കി. രാവിലെ ആറുമുതല്‍ മറ്റന്നാള്‍ വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ.

അതേസമയം കര്‍ശന സുരക്ഷയും പ്രതിഷേധങ്ങളും ശക്തമായതോടെ സംഘപരിവാര്‍ സംഘടനകള്‍ ണറായിയെ തടയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.. പ്രതിഷേധം അറിയിക്കാനാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ പ്രവര്‍ത്തകരുടെ വികാരം പിണറായി മനസിലാക്കട്ടെ. കേരളത്തില്‍ സമാധാനം ഉണ്ടാകണമെന്ന് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.