പൾസർ ഇനി എട്ടുനാൾ പോലീസ് കസ്റ്റടിയിൽ; ഗൂഢാലോചനയുണ്ട്, നുണ പരിശോധന നടത്തണമെന്ന് പൊലീസ്

single-img
25 February 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിന് പത്തുദിവസത്തേക്കാണ് പൊലീസ് ഇവരെ ആവശ്യപ്പെട്ടിരുന്നതെങ്കിലും എട്ടുദിവസത്തേക്കാണ് കസ്റ്റഡി.

സുനിയെ നുണപരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല. കാക്കനാട് ജയിലില്‍ നിന്നും ആലുവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പള്‍സര്‍ സുനിക്കായി രണ്ട് അഭിഭാഷകര്‍ ഹാജരായിരുന്നു. ഇതേറെ ആശയക്കുഴപ്പം ഉണ്ടാക്കി. പള്‍സര്‍ സുനിക്കായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ വി.സി പൗലോസായിരുന്നു ഒരു അഭിഭാഷകന്‍. മറ്റൊരാള്‍ അഡ്വ. ആളുരിന്റെ ജൂനിയറായിട്ടുളള അഭിഭാഷകനാണ്. വി.സി പൗലോസിന്റെ വക്കാലത്താണ് കോടതി പരിഗണിച്ചതും. അഭിഭാഷകനുമായി സംസാരിക്കാനുളള സമയം കോടതി പള്‍സര്‍ സുനിക്ക് അനുവദിച്ചു.

പ്രതികള്‍ക്കായി അഡ്വ. ബിജു ആന്റണി ആളൂര്‍ ഹാജരാകുമെന്നാണ് ഇന്നലെ പറഞ്ഞിരുന്നത്. മുംബൈയിലുളള അദ്ദേഹം ഇന്ന് കൊച്ചിയില്‍ കേസിനായി എത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. കേസിനെക്കുറിച്ച് തനിക്ക് പ്രാഥമിക വിവരങ്ങള്‍ മാത്രമെ അറിയുകയുള്ളു. പൊലീസിന്റെ കസ്റ്റഡി ആവശ്യത്തെ എതിര്‍ക്കുമെന്നും ആളൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം നല്‍കിയ വക്കാലത്തല്ല ഇന്ന് കോടതി പരിഗണിച്ചത്.

കസ്റ്റഡിയില്‍ കിട്ടിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ സുനിയെ വിശദമായി ചോദ്യം ചെയ്ത് സംഭവത്തിലെ ദുരൂഹതകള്‍ നീക്കാനാവും പോലീസിന്റെ ശ്രമം. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത മൊബൈല്‍ കണ്ടെത്തുക, മുന്‍പ് വേറെയാരെങ്കിലും പള്‍സറിന്റെ ബ്ലാക്ക് മെയിലിന് ഇരയായോ എന്ന് കണ്ടെത്തുക, പള്‍സര്‍ സുനി മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ നടിയെ ആക്രമിച്ചത് കണ്ടെത്തുക…. ഇതെല്ലാം പോലീസ് ഉത്തരം തേടുന്ന ചോദ്യങ്ങളാണ്.