ഇന്‍ഫോസിസിലെ കൊലപാതകം: രസീല രാജുവിന്റെ കുടുംബത്തിന് ഇന്‍ഫോസിസ് 1.2 കോടി രൂപ കൈമാറി

single-img
25 February 2017

പൂണെ : ഇന്‍ഫോസിസില്‍ ജോലിക്കിടെ കൊല ചെയ്യപ്പെട്ട മലയാളി യുവതി രസീല രാജുവിന്റെ കുടുംബത്തിന് ഇന്‍ഫോസിസ് വാഗ്ദാനം ചെയ്ത 1.2 കോടി രൂപയുടെ ചെക്ക് കൈമാറി. പൂനെ മലയാളി ഫെഡറേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍, പുനെയിലെ ലേബര്‍ യൂണിയന്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.
കഴിഞ്ഞ ജനുവരി 29 നാണ് പൂനെ ഇന്‍ഫോസിസിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കോഴിക്കോട് പായമ്പ്ര സ്വദേശി രസീല രാജുവിനെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ കേബിള്‍ ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ രസീലയെ കൊലപ്പെടുത്തുകയായിരുന്നു.

കമ്പനിയുടെ സുരക്ഷാപിഴവാണ് മരണകാരണമെന്നും യുവതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കമന്നെുമാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ക്ക് വലിയൊരു തുക നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായത്. രസീലയുടെ സഹോദരന്‍ ലിജിന്‍കുമാറിന് തിരുവനന്തപുരത്തോ എറണാകുളത്തോ ഉടന്‍ ജോലി നല്‍കുമെന്നും കമ്പനി അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പുനല്‍കി.