ട്രംപിനെ വിമര്‍ശിക്കുന്നവർക്ക് വിലക്ക്;യു.എസിലെ പ്രമുഖ മാധ്യമങ്ങൾക്ക്​ വൈറ്റ് ഹൗസ് വിലക്ക് ഏർപ്പെടുത്തി

single-img
25 February 2017


വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വൈറ്റ്ഹൗസ്. പ്രസിഡന്റിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന കാരണത്താലാണ് വൈറ്റ് ഹൗസ് പ്രസ് സിക്രട്ടറി സീന്‍ സ്‌പൈസറിന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പ്രമുഖ മാധ്യമങ്ങളായ സി.എന്‍.എന്‍, ന്യുയോര്‍ക് ടൈംസ്, പൊളിറ്റികോ, ദ ലോസ് ആഞ്ചലസ്, ടൈംസ്, ബസ് ഫീഡ് എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

റോയിട്ടേഴ്‌സ്, ബ്ലൂംബെര്‍ഗ്, സിബിഎസ് തുടങ്ങി പത്തോളം മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെ മാത്രമാണ് പ്രസ് റൂമില്‍ പ്രവേശിപ്പിച്ചത്. കാരണമെന്തെന്ന് വിശദീകരിക്കാതെയായിരുന്നു മാധ്യമങ്ങള്‍ക്കെയിരെയുള്ള ഈ നടപടി.

വൈറ്റ്ഹൗസിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച ് അസോസിയേറ്റഡ് പ്രസ്, ടൈം മാഗസിന്‍ എന്നീ മാധ്യമങ്ങള്‍ വാര്‍ത്ത സമ്മേളനം ബഹിഷ്‌കരിച്ചു.വാര്‍ത്തകള്‍ ശരിയായ വിധം റിപ്പോര്‍ട്ടു ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ട്രംപിന്റെ ഈ കിരാത നടപടിയിലൂടെ വ്യക്തമാവുന്നതെന്ന് മാധ്യമങ്ങള്‍ വിമര്‍ശനമുന്നയിച്ചു.

യു.എസ് പ്രസിഡന്റായി അധികാരമേറ്റതുമുതല്‍ തനിക്കെതിരായി വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ ട്രംപ് കണക്കിന് വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രമുഖ മാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നടപടി. ഭരണകൂടത്തിനനുകൂലമായി തങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്നവരെ മാത്രം പിന്തുണക്കുന്ന സ്വേഛാധിത്യ സമീപനമാണ് ട്രംപിന്റെ ഭരകൂടം കൈക്കൊള്ളുന്നതെന്ന് വ്യാപകരീതിയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.