ഡല്‍ഹി യൂണീവേഴ്സിറ്റിയിലെ അക്രമം: എബിവിപിയ്ക്കെതിരേയുളള കാമ്പയിന്‍ നയിക്കുന്നത് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍

single-img
25 February 2017

ഇക്കഴിഞ്ഞ ബുധനാഴ്ച്ച ഡെല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരേ അക്രമമഴിച്ചുവിട്ട ഏബിവിപി നിലപാടിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ #StudentsAgainstABVP എന്ന ഹാഷ്ടാഗിനു കീഴിലാണു കാമ്പയിന്‍ നടാക്കുന്നതു. “ഞാന്‍ ഏബിവിപിയെ ഭയപ്പെടുന്നില്ല. ഞാനൊറ്റയ്ക്കല്ല. ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികളും എന്നോടൊപ്പമുണ്ട്” എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ചു കൊണ്ടുളള സെല്‍ഫികളാണു ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇതിലെ ഏറ്റവും കൌതുകകരമായ കാര്യം ഈ കാമ്പയിന്‍ തുടങ്ങിവെച്ചതും മുന്നോട്ടു പോകുന്നതും കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ മണ്‍ദീപ് സിംഗിന്റെ മകളായ ഗുര്‍മേഹര്‍ കൌറാണു എന്നതാണു. ഡെല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലുളള ലേഡി ശ്രീരാം കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണു ഗുര്‍മെഹര്‍. തന്റെ പിതാവ് കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെടുമ്പോള്‍ ഗുര്‍മെഹറിനു രണ്ടുവയസ്സായിരുന്നു. ദേശസ്നേഹികളും പട്ടാളാസ്നേഹികളുമായി സ്വയം പ്രതിഷ്ഠിച്ച ശേഷം ദേശവിരുദ്ധ അപരത്വം ആരോപിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന ഏബിവിപിയ്ക്കു രാഷ്ട്രീയമായി വലിയ തിരിച്ചടിയാണു ഗുര്‍മേഹറിനേപ്പോലെയുളളവരുടേ നിലപാടുകള്‍.

 

https://www.facebook.com/photo.php?fbid=10212395809352598&set=a.1621501219701.2082387.1301560862&type=3&theater

ജലന്ധര്‍ സ്വദേശിയായ ഗുര്‍മേഹര്‍ കാമ്പയിന്റെ ഭാഗമായ പ്രൊഫൈല്‍ പിക്ചര്‍ അപ്ഡെറ്റ് ചെയ്തുകൊണ്ട് ഇപ്രകാരം കുറിച്ചു:

“നിരപരാധികളായ വിദ്യാര്‍ത്ഥികള്‍ക്കു നേരേ ഏബിവിപിക്കാര്‍ നടത്തുന്ന മൃഗീയമായ ആക്രമണം അസ്വസ്ഥതയുളവാക്കുന്നു. അതു ഉടന്‍ നിര്‍ത്തേണ്ടതാണു. അതു കേവലം പ്രതിഷേധക്കാര്‍ക്കു നേരേയുളള ആക്രമണാമായിരുന്നില്ല, മറിച്ച് ഓരോ ഇന്ത്യക്കാരനും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ജനാധിപത്യം എന്ന ആശയത്തിനു നേരേയുളള ആക്രമണമായിരുന്നു. ഈ രാജ്യത്ത് ജനിച്ച് ഓരോ പൌരന്റേയും ആദര്‍ശങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും സ്വാതന്ത്ര്യത്തിനും മൌലികാവകാശങ്ങള്‍ക്കും മേലുളള കടന്നുകയറ്റമാണിത്. നിങ്ങള്‍ വലിച്ചെറിഞ്ഞ കല്ലുകള്‍ ഞങ്ങളുടെ ദേഹത്ത് മുറിവേല്‍പ്പിച്ചിട്ടുണ്ടാകാം. പക്ഷേ ഞങ്ങളുടെ ആശയങ്ങളില്‍ ഒരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ അവയ്ക്കു കഴിഞ്ഞിട്ടില്ല. ഭയത്തിന്റെ നിഷ്ഠൂരവാഴ്ച്ചക്കെതിരേയുളള എന്റെ പ്രതിഷേധമാണീ പ്രൊഫൈല്‍ പിക്ചര്‍.”

ഗുര്‍മേഹറിന്റെ പോസ്റ്റിനു മണിക്കൂറുകള്‍ക്കുളളില്‍ വലിയ പ്രതികരണമാണു രാജ്യമൊട്ടാകെയുളള സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ചതു. ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രൊഫൈല്‍ പിക്ചര്‍ അപ്ഡേറ്റ് ചെയ്ത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

“ആദ്യമൊന്നും ഞാന്‍ ഈ വിഷയം അധികം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പിന്നീടു എന്റെ അടുത്ത സുഹൃത്തുക്കള്‍ അടക്കമുളളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഭീഷണികള്‍ ലഭിക്കുകയും ചെയ്തപ്പോഴാണു ഞാന്‍ ഈ സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കുന്നത്. എന്റെ സുഹൃത്തുക്കളില്‍ പലരേയും ഏബിവിപിക്കാര്‍ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതു ഭയാനകമായ അവസ്ഥയാണു. എനിക്കു ആകെ പ്രതിഷേധിക്കാന്‍ അറിയുന്നതു സാങ്കേതികവിദ്യ ഉപയോഗിച്ചും മാധ്യമങ്ങളിലൂടെയുമാണു. അതു ഞാന്‍ ചെയ്യുന്നു,”ഗുര്‍മെഹറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഇന്തോ-പാക് സമാധാനത്തിനാഹ്വാനം ചെയ്തു ഗുര്‍മെഹര്‍ ചെയ്ത ഒരു നിശബ്ദ വീഡിയോ ഇതുപോലെ സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു.