അക്രമത്തിന് ഇരയായ നടി കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്തി;ഇന്ന് മാധ്യമങ്ങളെ കാണേണ്ടെന്ന് നടിക്ക് പൊലീസ് നിര്‍ദേശം

single-img
25 February 2017


കൊച്ചി: ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയായ യുവനടി വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ഇവർ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടി ഫോർട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തി.

അതേസമയം നടി ഇന്ന് മാധ്യമങ്ങളെ കാണില്ല. തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിനാലാണ് തീരുമാനം മാറ്റിയതെന്നും നടി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളെ കാണുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് അന്വേഷണ സംഘം നടിയെ ബന്ധപ്പെട്ടിരുന്നു. തിരിച്ചറിയല്‍ പരേഡിന് മുന്‍പായി മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നാളെ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നാണ് പുതിയ തീരുമാനം. നടി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും. ഫോര്‍ട്ട് കൊച്ചിയിലെ ഈ ലൊക്കേഷനില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്.
നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നു നടത്തും. കാക്കനാട് സബ് ജയിലിൽ ഉച്ചയ്ക്ക് 12നാണ് തിരിച്ചറിയൽ പരേഡ്. പ്രതികളായ പൾസർ സുനി, വിജീഷ്, മണികണ്ഠൻ തുടങ്ങിയ പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് നടക്കുക.

അതേസമയം, കൂടുതൽ ചോദ്യംചെയ്യാനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് സമർപ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും. പ്രതികൾ അറസ്റ്റിലായി 24 മണിക്കൂർ കഴിയുംമുൻപ്, ഇന്നലെ ഉച്ചയ്ക്കു 2.30നു സുനിൽകുമാറിനെയും കൂട്ടുപ്രതി തലശേരി സ്വദേശി വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്ട്രേട്ടിന്റെ വസതിയിൽ നേരിട്ടു ഹാജരാക്കി റിമാൻഡ് ചെയ്തു. ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കി ഇന്നലെ പുലർച്ചെ പ്രതികളുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയ ശേഷമാണു മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയത്.

പ്രതികള്‍ക്കായി അഡ്വ. ബിജു ആന്റണി ആളൂര്‍ ഹാജരാകുമെന്നാണ് അറിയുന്നത്. മുംബൈയിലുളള അദ്ദേഹം ഇന്ന് കൊച്ചിയില്‍ കേസിനായി എത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു.