സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് ആര്‍ബിഐ

single-img
24 February 2017

മുംബൈ: സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.

എടിഎം ഇടപാടുകളില്‍ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ ജോസഫ് എം പുതുശ്ശേരി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ച കത്തിന്റെ മറുപടിയിലാണ് ആര്‍ബിഐ ഇത് അറിയിച്ചത്.

സര്‍വീസ് ചാര്‍ജുകളുടെ പരിധി തീരുമാനിക്കാനുള്ള അവകാശം ബാങ്കുകളുടെ ഭരണ സമിതിക്കാണ്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ ഉപയോക്താക്കളെ അറിയിക്കണമെന്നും ചെറിയ തുകകളുടെ ഇടപാടുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.

സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് നല്‍കി 2015ല്‍ ആര്‍ബിഐ. ഉത്തരവ് ഇറക്കിയിരുന്നു.

നോട്ടു പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ എടിഎം ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓരോ തവണ എടിഎം ഉപയോഗിക്കുമ്പോഴും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായും ജോസഫ് എം പുതുശ്ശേരി കത്തില്‍ പറഞ്ഞിരുന്നു.

പണം പിന്‍വലിക്കുന്നതിനും ബാക്കി തുക, മിനി സ്റ്റേറ്റ് മെന്റ് സംബന്ധിച്ച വിവരങ്ങള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.