നമസ്‌തേ ഗാംങ് : കൈകൂപ്പി നമസ്‌കരിച്ച ശേഷം കൊളള നടത്തിയിരുന്ന നാലംഗ സംഘം ഡല്‍ഹി യില്‍ പിടിയില്‍

single-img
24 February 2017

ഡല്‍ഹി : കൈകൂപ്പി തൊഴുത ശേഷം കൊളള നടത്തിയിരുന്ന നാലംഗ സംഘത്തെ ഡല്‍ഹി പോലീസ് വ്യാഴാഴ്ച്ച പിടികൂടി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാതയോരങ്ങളില്‍ ആള്‍ത്തിരക്ക് കുറഞ്ഞ സമയം നോക്കിയാണു ഇവര്‍ പിടിച്ചുപറിയും കൊളളയും നടത്തിയിരുന്നത്.

ബൈക്ക് യാത്രികരേയും മറ്റും സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന ശേഷം കൈകൂപ്പി ‘നമസ്‌തേ’ പറഞ്ഞു അവരുടേ ശ്രദ്ധയാകര്‍ഷിച്ച് ബൈക്ക് നിര്‍ത്തിച്ച ശേഷമാണു ഇവര്‍ കൊളള നടത്തിയിരുന്നത്. ഇര വാഹനം നിര്‍ത്തിയാലുടന്‍ തന്നെ അവരെ തോക്കിന്മുനയില്‍ നിര്‍ത്തി പണവും ആഭരണങ്ങളും കവര്‍ന്നെടുക്കും. ഇത്തരത്തിലുളള അന്‍പതോളം കവര്‍ച്ചകള്‍ക്കാണു ഇവരുടെ അറസ്റ്റോടെ തുമ്പ് കിട്ടിയതെന്നു ഡല്‍ഹി പോലീസ് വെസ്റ്റ് വിഭാഗം ഡിസിപി വിജയ് കുമാര്‍ പറയുന്നു.

നാസിമുദ്ദിന്‍, സകാവത്,ഗുല്‍ജര്‍,നയീം എന്നിവരടങ്ങുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്നും മൂന്നു തോക്കുകളും അഞ്ചു കാട്രിഡ്ജുകളും ഒരു കത്തിയും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാര്‍ക്കു നേരേ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ട ഇവരെ പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

അറസ്റ്റിലായവരില്‍ നയീമിന്റെ പേരില്‍ മുന്നേ കേസുകളൊന്നും ഇല്ല. എന്നാല്‍ മറ്റു മൂന്നു പേരും ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറയുന്നു.