പള്‍സര്‍ സുനിയെ പിടിച്ചതില്‍ പോലീസിന് അഭിനന്ദനം; നടി കൊച്ചിയിലെത്തിയത് സിനിമ ഷൂട്ടിങ്ങിനല്ല: ലാല്‍

single-img
24 February 2017

കൊച്ചി : അക്രമത്തിനിരയായ നടി കൊച്ചിയിലെത്തിയത് സിനിമാ ചിത്രീകരണത്തിനല്ലെന്ന് ലാല്‍. നടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകാനാണ് കൊച്ചിയിലെത്തിയത്. നടി ആവശ്യപ്പെട്ടതു പ്രകരമാണ് വണ്ടി നല്‍കിയതെന്നും രമ്യാനമ്പീശന്റെ വീട്ടില്‍ താമസിക്കാന്‍ വരുമ്പോഴാണ് ആക്രമണമുണ്ടായതെന്നും ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ നടി എവിടെയെത്തി എന്ന വിവരത്തിന് വണ്ടി നല്‍കിയവര്‍ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നു. സുനിയെ മുന്‍പരിചയമില്ലെന്നും പുറത്ത് നിന്നും വിളിച്ച വണ്ടിയുടെ ഡ്രൈവറാണ് സുനിയെന്നും കൂടാതെ ഗോവയിലെ സെറ്റില്‍ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ സുനി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയെന്നും ലാല്‍ കൂട്ടിചേര്‍ത്തു.

നിര്‍മാതാവും സംവിധായകനുമായ ആന്റോ ജോസഫിനുണ്ടായ ബുദ്ധിമുട്ടില്‍ വിഷമമുണ്ടെന്നും ഊഹാപോഹങ്ങള്‍ പലരെയും മാനസികമായി ബാധിക്കുമെന്നും ഇത് എല്ലാവരും മനസിലാക്കണമെന്നും ലാല്‍ ആവശ്യപ്പെട്ടു. അതെ സമയം നടന്‍ ദിലീപിന്റെ പേര് വലിച്ചിഴച്ചതിലും അദ്ദേഹത്തിനു വിഷമമുണ്ടെന്നും ലാല്‍ പറഞ്ഞു.