പള്‍സര്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി; ക്വട്ടേഷനല്ലെന്ന് മൊഴി

single-img
24 February 2017

എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രധാനപ്രതി പള്‍സര്‍ സുനിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. പുലര്‍ച്ചെ 2.50ന് തുടങ്ങിയ തെളിവെടുപ്പ് 4.45 വരെ നീണ്ടു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ സഞ്ചരിച്ച വഴിയിലൂടെയാണ് സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. പാലാരിവട്ടം, കാക്കനാട്, വെണ്ണല എന്നിവിടങ്ങളില്‍ പൊലീസ് പ്രതിയെ എത്തിച്ചു. നടിയെ ഇറക്കിവിട്ട സംവിധായകന്‍ ലാലിന്റെ വീടിനു സമീപവും പൊലീസ് ഇയാളെ എത്തിച്ചു.

ഒരു ഓടയില്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു എന്ന സുനിയുടെ മൊഴി അനുസരിച്ചാണ് പ്രതിയെ വെണ്ണലയില്‍ എത്തിച്ചത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മൊബൈല്‍ ഉപേക്ഷിച്ചെന്നാണ് സുനി പറഞ്ഞത്. എന്നാല്‍ ഓടയില്‍ തിരച്ചില്‍ നടത്തിയെങ്കിലും പൊലീസിന് ഫോണ്‍ കണ്ടെത്താനായില്ല.
നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ ഇല്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുളള ശ്രമം ആയിരുന്നുവെന്നും സുനി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് നടിയോട് ക്വട്ടേഷനെന്ന് പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലായിരുന്നു ലക്ഷ്യം. അതേസമയം പൊലീസ് സുനിയുടെ മൊഴി സ്ഥിരീകരിച്ചിട്ടില്ല. തെളിവെടുപ്പിനുശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ച സുനിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് സുനിയെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കേണ്ടതിനാല്‍ പരമാവധി വിവരങ്ങള്‍ അറിയാനാണ് പൊലീസിന്റെ ശ്രമം.