പള്‍സര്‍ സുനി കോടതിയിലെത്തിയതും പൾസർ ബൈക്കില്‍;ബൈക്ക് കോടതിയ്ക്ക് പുറത്ത് വെച്ച് ശേഷം പ്രതികൾ മതില്‍ ചാടി കോടതിലെത്തി

single-img
23 February 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി കോടതിയിൽ കീഴടങ്ങാൻ എത്തിയതും തന്‍റെ ഇഷ്ടവാഹനമായ പൾസറിൽ തന്നെ. തമിഴ്നാട് രജിസ്ട്രേഷനിലുള്ള (TN-04 R 1496) ബൈക്കിൽ എത്തിയ സുനിയും ബിജീഷും ഹെൽമറ്റ് ധരിച്ച് പോലീസിനെ കബളിപ്പിച്ചാണ് കോടതി മുറിക്കുള്ളിൽ കടന്നത്. പൾസർ ബൈക്കിൽ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലെത്തിയത്. അവിടെ നിന്ന് മതില്‍ ചാടിക്കടന്നാണ് പുതിയ കോടതി കോംപ്ലക്സിലെ ഒന്നാം നിലയിലെത്തിയത്. ഇത് സംബന്ധിച്ച് ഇവര്‍ക്ക് അഭിഭാഷകരില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നാണ് സൂചന. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കോടതിയില്‍ കീഴടങ്ങാനായിരുന്നു തീരുമാനം.

സുനി എത്തിയ പൾസർ ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനം ആരുടെ പേരിൽ രജിസ്റ്റർ ചെയ്തുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പ്രതികളുടെ സാന്നിധ്യം മനസിലാക്കിയ അഭിഭാഷകൻ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പോലീസാണു ഇരുവരെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പൾസർ ബൈക്കുകളോടുള്ള പ്രിയമാണ് ഇയാൾക്ക് സുഹൃത്തുക്കളുടെ ഇടയിൽ പൾസർ സുനി എന്ന പേരിന് കാരണമായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുനി കേസുണ്ടായാൽ ഒളിവിൽ പോയ ശേഷം കോടതിയിൽ കീഴടങ്ങുന്നതായിരുന്നു പതിവ്.