കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബാങ്കുകളിലെ കിട്ടാക്കടത്തിലെ വര്‍ദ്ധനവ് 135 ശതമാനം: പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാനുളളത് ഏഴുലക്ഷം കോടി രൂപയോളം

single-img
23 February 2017

രാജ്യത്തെ പൊതുമേഖലാബാങ്കുകളിലെ നിഷ്കൃയാസ്തി (Non Performing Assets-NPA) കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 261,843 കോടി രൂപയില്‍ നിന്നും 697,409 കോടി രൂപയായി വര്‍ദ്ധിച്ചതായി കെയര്‍ റേറ്റിംഗ് എന്ന സ്ഥാപനത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം വരെയുളള കണക്കുകള്‍ ക്രോഡീകരിച്ചാണു കെയര്‍ റേറ്റിംഗ് ഈ നിഗമനത്തിലെത്തിയത്. ഇക്കാലയളവില്‍ കിട്ടാക്കടത്തിലുണ്ടായ വര്‍ദ്ധനവ് ഏകദേശം 135 ശതമാ‍നമാണു. ഇതില്‍ 2016-ല്‍ മാത്രം 56.4 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.

തൊണ്ണൂറു ദിവസത്തിലധികം മുതലോ പലിശയോ തിരിച്ചടയ്ക്കാത്ത വായ്പകളെയാണു നിഷ്കൃയാസ്തി അഥവാ കിട്ടാക്കടമായി തരം തിരിക്കുന്നത്. ഈ കിട്ടാക്കടങ്ങളില്‍ ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുളള വായ്പകളാണു. ഇതില്‍ത്തന്നെ ഭൂരിഭാഗവും റിലയന്‍സ്,വേദാന്ത, എസാര്‍, അദാനി, ജേയ്പീ എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എടുത്ത വായ്പകളാണു. ഈ സ്ഥാപനങ്ങളുടെ കിട്ടാക്കടം താഴെപ്പറയും പ്രകാ‍രമാണു:

  • അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള ര്രിലയന്‍സ് ഗ്രൂപ്പ് വിവിധ ബാങ്കുകളില്‍ നിന്നായി 121000 കോടി രൂപയാണു.
  • എസ്സാര്‍ ഗ്രൂപ്പ് – 101461 കോടി രൂപ,
  • ഗൌതം അദാനിയുടെ ഉടമസ്ഥതയിലുളള അദാനി ഗ്രൂപ്പ് : 96031 കോടി രൂപ
  • ജെയ്പീ ഗ്രൂപ്പ് : 75000 കോടി രൂപ

റിസര്‍വ്വ് ബാങ്കിനു മുന്നില്‍ വെച്ച റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് അഞ്ചു പൊതുമേഖലാ ബാങ്കുകളുടെയെങ്കിലും എന്‍ പി ഏ റേഷ്യോ ( കിട്ടാക്കടവും ആകെ വായ്പ്പാ തുകയുമായുളള അനുപാതം) പതിനഞ്ചു ശതമാനത്തിനു മുകളിലാണു. ഉദാഹരണത്തിനു ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എന്‍ പി ഏ റേഷ്യോ 22.42 ശതമാനമാണു. അതായത് ഈ ബാങ്കില്‍ നിന്നെടുത്തിട്ടുളള വായ്പകളിലെ ഓരോ നൂറു രൂപയിലും 22.42 രൂപ കിട്ടാക്കടമാണു. മറ്റു ബാങ്കുകളുടെ എന്‍ പി ഏ റേഷ്യ് താഴെപ്പറയും പ്രകരമാണു:

  • യൂക്കൊ ബാങ്ക് : 17.18 ശതമാനം
  • യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ:98 ശതമാനം
  • ഐ ഡി ബി ഐ ബാങ്ക് : 15.16 ശതമാനം.
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര : 15.08 ശതമാനം.

ബാങ്കുകള്‍ ഈ പ്രതിസന്ധി മറികടക്കാന്‍  അവലംബിക്കുന്നത് കോര്‍പ്പറെറ്റ് വായ്പ്പാ പുനക്രമീകരണം (Corporate Debt Restructruing-CDR) എന്ന രീതിയാണു. വായ്പ്പ തിരിച്ചു പിടിക്കാനുളള അവകാശം കിട്ടാനുളള തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് മറ്റു കമ്പനികള്‍ക്ക് മറിച്ചു വില്‍ക്കുന്ന രീതിയാണിത്. എന്നാല്‍ ഇത്തരം അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഈ നിഷ്കൃയാസ്തികള്‍ വളരെ കുറഞ്ഞ തുകയ്ക്കാണു വാങ്ങാറുളളത്. ചില ബാങ്കുകള്‍ ഇത്തരം കടങ്ങള്‍ എഴുതിത്തളളിയും പ്രശ്നം കടലാസില്‍ പരിഹരിക്കാറുണ്ട്.

ഡിസംബര്‍ വരെയുളളതിനേക്കാള്‍ കിട്ടാക്കടം മാര്‍ച്ച് വരെയുളള കണാക്കെടുക്കുമ്പോള്‍ ഉണ്ടാകുമെന്നാണു സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം താഴേക്കിടയിലും മധ്യനിരയിലുമുളള വ്യവസായത്തെ ദോഷകരമായി ബാധിച്ചതിനാല്‍ ലോണ്‍ തിരിച്ചടവുകള്‍ കുറഞ്ഞതിനാലാണിത്.

കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്