പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് സുനിയെ പിടികൂടിയത്

single-img
23 February 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് ജഡ്ജിയുടെ ചേംബറിന് തൊട്ടുപുറത്ത് വച്ച് സുനിയെ പോലീസ് പിടികൂടിയത്.പോലീസ് നാടെങ്ങും തിരയുമ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് എറണാകുളം സിജെഎം കോടതിയില്‍ ഉച്ചയ്ക്ക് സുനിയും കൂട്ടാളി വിജീഷും എത്തിയത്.

മാര്‍ച്ച് മൂന്നിനാണ് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി മാറ്റിവെച്ചത്. ഇതിനെ തുടര്‍ന്നാണ് ഇയാൾ കീഴടങ്ങാൻ എത്തിയത്.

പൾസർ സുനി കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ ജാഗ്രതയിലായിരുന്ന പോലീസ്. മുൻപുണ്ടായ ക്രിമിനൽ കേസുകളിലും സുനി നേരിട്ട് കോടതിയിൽ കീഴടങ്ങുന്ന പതിവായിരുന്നു. ഇതുകൂടി മുന്നിൽ കണ്ടാണ് പോലീസ് കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത ജാഗ്രത പുലർത്തിയിരുന്നത്.

മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടര്‍ന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികള്‍ക്ക് മുമ്പില്‍ പോലീസ് മഫ്തിയില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.