മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിൽ നിന്ന് വ്യാജ ഡോക്ടര്‍ പിടിയില്‍;കഴിഞ്ഞ നാല് വര്‍ഷമായി ഡോക്ടറായി തട്ടിപ്പ് നടത്തി വരികയായിരുന്നു

single-img
23 February 2017

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ ചമഞ്ഞ കല്ലറ സ്വദേശിനിയായ 24 കാരിയെ പിടികൂടി. ബുധനാഴ്ച രാവിലെ 10.30നോടടുത്ത് അത്യാഹിത വിഭാഗത്തിലെ പി.ജി. ഡോക്ടര്‍മാരുടെ വിശ്രമ മുറിയില്‍ വച്ചാണ് പിടികൂടിയത്. കല്ലറ സ്വദേശിനിയായ ആര്യയാണ് പിടിയിലായത്. യുവതിയുടെ പക്കല്‍ നിന്നും സ്‌റ്റെതസ്‌കോപ്പ്, വ്യാജ ഐഡി കാര്‍ഡ്, കേസ് ഷീറ്റുകള്‍ തുടങ്ങിയവ കണ്ടെടുത്തു.

കഴിഞ്ഞ നാല് വര്‍ഷമായി കാഷ്വാലിറ്റിയിലും വാര്‍ഡുകളിലും പിജി വിദ്യാര്‍ത്ഥിനിയാണെന്ന വ്യാജേന കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്നു ഇവര്‍. -പതിനായിരം രൂപ വിലയുള്ള വിദേശ നിര്‍മിത സ്റ്റെതസകോപ്പ് മോഷ്ടിച്ച യുവതി ആശുപത്രിയില്‍ നിന്ന് പണം മോഷ്ടിച്ചതായും സംശയമുണ്ട്. നഴ്‌സിംഗ് ബിരുദധാരിയായ ആര്യക്കെതിരെ മോഷണം, വഞ്ചനാകുറ്റം തുടങ്ങിയവക്ക് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.

തുടർച്ചയായ ദിവസങ്ങളിൽ യുവതിയെ മുറിയില്‍ കണ്ട പി.ജി ഡോക്ടര്‍മാര്‍ വിവരമറിയച്ചതിനെതുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തി ചോദിച്ചപ്പോഴും പി.ജി ഡോക്ടറാണെന്നായിരുന്നു ആര്യയുടെ വാദം. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ തയ്യാറായില്ല. തുടര്‍ന്ന് ആര്യയെ പൊലീസേല്‍പ്പിക്കുകയായിരുന്നു.