നടിയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്‌റ്റ് ചെയ്‌തത് അഭിനന്ദനാർഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി;സുനിയെ കോടതിക്ക് അകത്ത് നിന്ന് അറസ്റ്റ് ചെയ്ത നടപടി കേരള പൊലീസിന് നാണക്കേടെന്ന് ചെന്നിത്തല

single-img
23 February 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതികളെ അറസ്‌റ്റ് ചെയ്‌ത അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളെ അറസ്‌റ്റ് ചെയ്‌തത് അഭിനന്ദനാർഹമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ സുനിയെ കോടതിക്ക് അകത്ത് നിന്ന് അറസ്റ്റ് ചെയ്ത നടപടി കേരള പൊലീസിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടിക്കെതിരായ ആക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷമെങ്കിലം ഉണ്ടായ അറസ്റ്റ് ആശ്വാസകരമാണ്. എന്നാല്‍ എറണാകുളം എസിജെഎം കോടതിയിലെത്തിയുള്ള പള്‍സര്‍ സുനിയുടെ കീഴടങ്ങല്‍ ശ്രമം സൂചിപ്പിക്കുന്നത് പൊലീസ് ലോകം മൊത്തം പ്രതിയെ തെരഞ്ഞു നടക്കുമ്പോള്‍ അയാള്‍ എറണാകുളത്ത് തന്നെ ഉണ്ടായിരുന്നുവെന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.കോടതിയില്‍ കയറിയുള്ള അറസ്റ്റ് പൊലീസിന് അഭിമാനമായ ഒന്നല്ലെന്നും മുന്‍ ആഭ്യന്തരമന്ത്രി പറഞ്ഞു. കോടതിക്കകത്തെ പൊലീസ് നടപടിയില്‍ അഭിഭാഷകരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

പൾസർ സുനിക്ക് മുന്നിൽ കേരള പോലീസ് കീഴടങ്ങിയിരിയ്ക്കുകയാണു ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ്.സുനിയേയും കൂട്ടാളി ബിജീഷിനേയും കോടതിക്കുള്ളിൽ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ നടപടി പോലീസ് സേനയ്ക്കാകെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.

എറണാകുളം എസിജഐം കോടതിയിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും കീഴടങ്ങാൻ എത്തിയത്. എന്നാൽ ഇക്കാര്യമറിഞ്ഞ പോലീസ് സംഘം ഉടൻ തന്നെ കൂടുതൽ സംഘത്തെ വിളിച്ചുവരുത്തി പ്രതികൂട്ടിൽ നിന്ന് ഇരുവരേയും വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.