സര്‍വീസ്, സ്ഥാനക്കയറ്റം എന്നീ കാര്യങ്ങളില്‍ വിജിലന്‍സ് ഇടപെടേണ്ട:ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അന്വേഷണത്തിന് സ്റ്റേ

single-img
23 February 2017

കൊച്ചി: മുന്‍മന്ത്രിയും സിപിഐഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സുധീര്‍ നമ്പ്യാര്‍ നല്‍കിയ ഹര്‍ജിയില്‍ ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി കേസ് അന്വേഷണം സ്റ്റേ ചെയ്തത്.നിലവില്‍ വിജിലന്‍സാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വിജിലന്‍സ് അധികാര പരിധി വിട്ടാല്‍ ഇടപെടേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബന്ധുനിയമന കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് പി. ഉബൈദ് അധ്യക്ഷനായ ബെഞ്ച് ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയത്. വിജിലന്‍സ് അഴിമതി മാത്രം അന്വേഷിച്ചാല്‍ മതിയെന്നും സര്‍വീസ്, സ്ഥാനക്കയറ്റം എന്നീ കാര്യങ്ങളില്‍ വിജിലന്‍സി ഇടപെടേണ്ടെന്നും കോടതി നിർദ്ദേശിച്ചു.ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ക്യാബിനറ്റാണ്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് വിജിലന്‍സിന് അന്വേഷിക്കാമെന്നും ഹൈക്കോടതി പറയുന്നു. ഇതോടെ ഇപി ജയരാജനെതിരെയുള്ള ബന്ധുനിയമനക്കേസിലെ വിജിലന്‍സ് അന്വേഷണത്തിന്റെ സാധുത തന്നെയാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്.

ഇപി ജയരാജന്റെ ബന്ധുവും പികെ ശ്രീമതി എംപിയുടെ മകനുമായ പികെ സുധീറിനെ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചിരുന്നു. കൂടാതെ ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേ ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായാണ് നിയമിച്ചത്. ഇത് വിവാദമായതോടെ സുധീറിന്റെ നിയമനം വ്യവസായ വകുപ്പ് റദ്ദാക്കുകയും, കെഎസ്‌ഐഡിസി എംഡിയായ ഡോ.എം ബീനക്ക് പകരം ചുമതല നല്‍കുകയുമായിരുന്നു.