ബി.ജെ.പി പയറ്റുന്നത് മാധ്യമങ്ങളില്‍ ഇടം പിടിക്കാനുള്ള വിദ്യ;ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി യൂത്ത് ലീഗ്.

single-img
23 February 2017

കോഴിക്കോട്: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പ്രതികരണത്തിനെതിരേ മുസ്‌ലീം ലീഗ് യുവ നേതാവ് പി കെ ഫിറോസ് രംഗത്ത്.നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് പിന്നില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന് ബന്ധമുണ്ടെന്ന് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇത് മാധ്യമങ്ങളില്‍ ഇടം പിടിക്കാനുള്ള തന്ത്രമാണ്. പത്രങ്ങളില്‍ ഉള്‍പ്പെടെ ഈ വാര്‍ത്ത അച്ചടിച്ച് വന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഫിറോസ് ചോദിക്കുന്നു.

നടിയെ തട്ടിക്കൊണ്ടുപോയത് ഒറ്റപ്പെട്ട സംഭവമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മകനെ രക്ഷിക്കാനാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.സിനിമ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിനീഷ് തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. ഗാന്ധിജിയെ വെടിവെച്ചു കൊന്ന പാര്‍ട്ടിയാണ് അവരുടേതെന്നും അതിനാല്‍ ഇതിലൊന്നും വലിയ കൗതുകം തോന്നേണ്ട കാര്യമില്ലെന്നും ബിനീഷ് പറഞ്ഞു.എ എന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ബിനീഷ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ബി.ജെ.പി ഈയിടെയായി കേരളത്തിൽ പയറ്റുന്ന ഒരു തന്ത്രമുണ്ട്. എന്ത് ഇഷ്യു ഉണ്ടായാലും അങ്ങേയറ്റത്തെ പ്രതികരണം നടത്തുക. മാധ്യമങ്ങളിൽ ഇടം പിടിക്കാനുള്ള വിദ്യയാണ്. എ.എൻ.രാധാകൃഷ്ണനാണ് ഇതിന്റെ ഇപ്പോഴത്തെ ചാമ്പ്യൻ. മുമ്പ് കെ.സുരേന്ദ്രനായിരുന്നു ഇപ്പണി ചെയ്തിരുന്നത്. ഒരാൾക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് പറയുക. ഇല്ലെങ്കിൽ അയാൾ തെളിയിക്കട്ടെ എന്ന ലൈൻ. പിന്നെ അയാൾ അത് തെളിയിക്കാൻ നടക്കണം. സിനിമാ നടിക്ക് നേരെയുള്ള അക്രമം എടുത്ത് നോക്കൂ. ബിനീഷ് കൊടിയേരിക്ക് പങ്കുണ്ടെന്നാണ് രാധാകൃഷ്ണൻ ആരോപിച്ചിരിക്കുന്നത്. പത്രങ്ങളിലൊക്കെ വെണ്ടക്ക അക്ഷരത്തിലാണ് വാർത്ത നിരത്തിയിരിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണമെന്ന് ഈ പത്രക്കാരൊന്നും ചോദിച്ചില്ല. ചോദിക്കുകയുമില്ല. മുമ്പ് കമൽ പാക്കിസ്ഥാനിൽ പോകണമെന്ന് ഇദ്ധേഹം പറഞ്ഞപ്പോ നൂസ് 18-ൽ സനീഷ് പറഞ്ഞിരുന്നു ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്യുന്നില്ല എന്ന്.കാരണം ഇത് വാർത്തയിൽ ഇടം പിടിക്കാനുള്ള വെറും തന്ത്രം മാത്രമാണെന്ന്. സംഗതി സി.പി.എമ്മിനോട് രാഷ്ട്രീയമായി നമുക്ക് എതിർപ്പുണ്ടെങ്കിലും ഒരു ശതമാനം പോലും തെളിവിന്റെ പിൻബലമില്ലാതെ ഇമ്മാതിരി ആരോപണങ്ങൾ വാർത്തയാക്കുന്ന മാധ്യമ പ്രവർത്തനത്തോട് തരിമ്പും യോജിപ്പില്ല. ഇമ്മട്ടിലുള്ള ആരോപണം ഉന്നയിക്കുന്നവരോട് ചോദ്യങ്ങൾ ചോദിച്ച് തൊലിയുരിക്കാനുള്ള ആർജ്ജവമാണ് മാധ്യമ പ്രവർത്തകർക്കുണ്ടാവേണ്ടത്. അല്ലാതെ ഇത്തരക്കാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ നാട്ടുകാരെ പ്രേരിപ്പിക്കുകയല്ല.

ബി.ജെ.പി ഈയിടെയായി കേരളത്തിൽ പയറ്റുന്ന ഒരു തന്ത്രമുണ്ട്. എന്ത് ഇഷ്യു ഉണ്ടായാലും അങ്ങേയറ്റത്തെ പ്രതികരണം നടത്തുക….

Posted by PK Firos on Wednesday, February 22, 2017