മംഗളൂരു സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാറിന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി;നിശ്ചയിച്ച പരിപാടിയില്‍ ഞാന്‍ തീർച്ചയായും പങ്കെടുക്കും

single-img
22 February 2017

മംഗളൂരു: മംഗളൂരു സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാറിന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്ചയിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച്ച രണ്ട് പരിപാടികളാണ് അവിടെയുള്ളത്. അതിന് പോകാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.

പിണറായി വിജയനെതിരെ സംഘപരിവാര്‍ ഫെബ്രുവരി 25ന് മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് വിഎച്ച്പി നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഈ ജില്ലയിലേക്കു കടക്കാനോ പരിപാടിയില്‍ പങ്കെടുക്കാനോ അനുവദിക്കില്ലെന്ന് വി.എച്ച്.പി നേതാവ് എം.ബി പുരനിക് അറിയിച്ചു.കേരളത്തിലെ സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടാണ് എതിര്‍ക്കുന്നതെന്നുമാണ് പുരനിക് പറയുന്നത്.പിണറായിയെ സാമുദായിക ഐക്യറാലിയില്‍ ക്ഷണിച്ചതു തന്നെ സാമുദായിക അനൗക്യം പ്രോത്സാഹിപ്പിക്കാനാണെന്ന് പുരനിക് ആരോപിച്ചു