പരപ്പന അഗ്രഹാര ജയിലില്‍ ശശികലയുടെ ഭീതി ഒഴിയുന്നു; ആറു പേരെ കൊലപ്പെടുത്തിയ സയനൈഡ് മല്ലികയെ മറ്റൊരു ജയിലിലേക്ക് മാറ്റി

single-img
22 February 2017


ബംഗളൂരു: അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ തൊട്ടടുത്ത സെല്ലിൽ പാർപ്പിച്ചിരുന്ന കൊലയാളി സൈനൈഡ് മല്ലികയെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നും വടക്കൻ കർണാടകത്തിലെ ബെലഗാവിലുള്ള ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി.പരപ്പന അഗ്രഹാര ജയിലില്‍ ശശികലയുടെ തൊട്ടടുത്ത സെല്ലില്‍ ‘സയനൈഡ്’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മല്ലികയെന്ന കെമ്പമ്മയെയായിരുന്നു പാര്‍പ്പിച്ചിരുന്നത്.

സയനൈഡ് കൊലപാതകി മല്ലികയുടെ തൊട്ടടുത്ത സെല്ലില്‍ ആണെന്നത് എഐഎഡിഎംകെ നേതാവിന്റെ ജീവന് ഭീഷണിയായിരിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ ആദ്യത്തെ വനിതാ പരമ്പരകൊലയാളി എന്ന നിലയിലാണ് മല്ലികയുടെ കുപ്രസിദ്ധി. 52 കാരിയായ ഇവര്‍ മോഷണത്തിന് വേണ്ടി ആറിലധികം സ്ത്രീകളെയാണ് വധിച്ചത്. ബംഗലുരുവിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ വെച്ച് പണക്കാരികളായ സ്ത്രീകളുമായി പരിചയം ഉണ്ടാക്കിയ ശേഷം ഇവരെ പിന്നീട് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും അവരില്‍ നിന്നും ആഭരണങ്ങള്‍ തട്ടിയെടുക്കുന്നതുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

ശശികലയോട് സൗഹൃദപരമായാണ് മല്ലിക പെരുമാറിയിരുന്നത്. ശശികലയെ ഭക്ഷണത്തിനുള്ള വരിയിൽ പോലും നിർത്താതെ അവർക്കുള്ള ഭക്ഷണം എത്തിക്കുന്നതും മല്ലികയായിരുന്നു എന്നാണ് ജയിൽ വൃത്തങ്ങളിൽ നിന്നുള്ള വിവരം.
തമിഴ്‌നാട്ടിലെ ജയിലിലേക്ക് ശശികലയെ മാറ്റാനുള്ള ശ്രമങ്ങൾ അവരുടെ അഭിഭാഷകൻ നടത്തുന്നതിനിടയിലാണ് പുതിയ നടപടി അധികൃതർ സ്വീകരിച്ചിരിക്കുന്നത്.