നടിക്കെതിരായ ആക്രമണം: തട്ടിക്കൊണ്ടുപോകല്‍ ആസൂത്രിതം;അന്വേഷണം പ്രമുഖ നടനിലേക്ക്;പൾസർ സുനിയെ പിടികൂടിയിട്ടില്ലെന്ന് അന്വേഷണസംഘം

single-img
22 February 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം ആസൂത്രിതമെന്ന് പോലീസിന് വ്യക്തമായി. ഒരുമാസത്തോളം നീണ്ട വ്യക്തമായ ആസൂത്രണത്തിനുശേഷമാണ് പദ്ധതി നടപ്പാക്കിയത്. നടന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്റെ മൊഴിയെടുത്തത്. സിനിമാ രംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ ദുരുപയോഗം ചെയ്യുന്നതായി നടന്‍ കുറ്റപ്പെടുത്തി.

മുമ്പ് നടിയുമായി അടുപ്പമുണ്ടായിരുന്ന നടന്‍ പിന്നീട് ഇവരുമായി ശത്രുതയിലായി. നടന്റെ കുടുംബപ്രശ്‌നങ്ങളില്‍ നടി ഇടപെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണം. അടുപ്പത്തിലായിരുന്ന കാലത്ത് നടത്തിയ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ബാക്കികണക്കുകള്‍ സംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച വിശദീകരണമാണ് നടനില്‍നിന്ന് തേടിയത്. സിനിമാരംഗത്തുള്ള മറ്റുചിലരെക്കൂടി ഉടന്‍ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.

മുഖ്യപ്രതി സുനിൽകുമാർ എന്ന സുനി പൊലീസിന്റെ കസ്റ്റഡിയിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വാർത്ത അന്വേഷണസംഘം നിഷേധിച്ചു.

ഇരയായ നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിലെ ഫൊറൻസിക് തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നു പൊലീസിന് ആശങ്കയുണ്ട്. ഇത്തരം കേസുകളിൽ ആക്രമിക്കപ്പെട്ടയാളുടെ വസ്ത്രങ്ങൾ, നഖത്തിന്റെ അഗ്രഭാഗം എന്നിവ ശേഖരിക്കണം. എന്നാൽ ആക്രമണം നടന്ന അന്നു രാത്രി ഇവ ശേഖരിച്ചില്ല. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ആക്രമണം നടക്കുന്നത്. പിറ്റേന്നു പുലർച്ചെ നാലിനാണു നടിയെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ പരിശോധിച്ചത്.സംഭവത്തിന്റെ ഗൗരവം പൊലീസ് അറിയിച്ചിട്ടും മെഡിക്കൽ കോളജിലെ ഫൊറൻസിക്, ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർമാർ സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. അപാകതകൾ മൂലം അന്തിമ റിപ്പോർട്ട് ഇതുവരെ പൊലീസിനു കൈമാറിയട്ടില്ല.

യുവനടിക്കെതിരായ ആക്രമണം നടന്നതിനുശേഷം 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളെയും പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ അഞ്ചുദിവസം പിന്നിടുമ്പോഴും പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിജേഷ് എന്നിവരെ ഇതുവരെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് കോടതി മാറ്റിവെച്ചതിനാല്‍ കോടതിയിലെത്തി കീഴടങ്ങും മുന്‍പ് ഇവരെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.