യുപിയിൽ മോദി പറഞ്ഞത് തെറ്റ്;കണക്കുകൾ സംസാരിയ്ക്കുന്നു

single-img
22 February 2017

“ഗ്രാമങ്ങളില്‍ കബറിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്മശാനങ്ങളും നിര്‍മ്മിക്കണം. റംസാന്‍ ദിവസം വൈദ്യുതി കിട്ടുന്നുണ്ടെങ്കില്‍ ദീപാവലി ദിവസവും തീര്‍ച്ചയായും കിട്ടണം”

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കഴിഞ്ഞ പത്തൊന്‍പതാം തീയതി ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ വെച്ച് ഒരു തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞ വാചകങ്ങളാണിത്. വികസനമുദ്രാവാക്യങ്ങള്‍ പഴയതുപോലെ പണ്ടത്തെപ്പോലെ ആളുകളെ ഹരം കൊള്ളിക്കുന്നില്ല എന്നതും നോട്ട് നിരോധനത്തില്‍ നിന്നുണ്ടായ ജനരോഷവും തിരിച്ചറിഞ്ഞ ബി ജെ പി നേതൃത്വം, തീവ്രഹിന്ദുത്വത്തിന്റെ പൂഴിക്കടകന്‍ പ്രയോഗിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങളാണു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മോദിയും അമിത് ഷായുമടക്കമുള്ള നേതാക്കള്‍ നടത്തിവരുന്ന വര്‍ഗ്ഗീയ പ്രസ്താവനകളില്‍ കണ്ടു വരുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനു ന്യൂനപക്ഷപ്രീണനം ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനും മുസ്ലീം സമുദായത്തെ എതിര്‍പക്ഷത്തു നിര്‍ത്തിക്കാണിക്കുവാനുമായാണു ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നു വ്യക്തം.

എന്നാല്‍ മേല്‍പ്പറഞ്ഞ പ്രസ്താവനയിലെ രാഷ്ട്രീയമായ ശരികേടുകള്‍ക്കപ്പുറം അതില്‍ വസ്തുതാപരമായ പിഴവുകളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തു വന്നിട്ടുണ്ട്. മുസ്ലീങ്ങളുടെ ആഘോഷമായ ഈദിനു വൈദ്യുതി ഉപഭോഗം കൂടുതലാണെന്ന അടിസ്ഥാനരഹിതവും നിലവാരം കുറഞ്ഞതുമായ പ്രസ്ഥാവനയാണു ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ഓള്‍ ഇന്ത്യാ പവര്‍ എഞ്ചിനീയേഴ്സ് ഫെഡറേഷന്റെ ചെയര്‍മാനായ ശൈലേന്ദ്ര ദൂബേയാണു ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടി മോദിയുടെ പ്രസ്താവനയെ ട്വിട്ടറില്‍ ചോദ്യം ചെയ്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016-ല്‍, ഈദ് ദിവസമായ ജൂലൈ 16-നു ഉത്തര്‍പ്രദേശിലെ വൈദ്യുതി ഉപഭോഗം 13500 മെഗാവാട്ടായിരുന്നു . ഈദ് ആഘോഷം ഒരു ദിവസം മാത്രമേ നീണ്ടു നില്‍ക്കാറുളളൂ. എന്നാല്‍ 2016 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നാം തീയതി വരെ അഞ്ചു ദിവസം നീണ്ടു നിന്ന ദീപാവലി ആഘോഷദിവസങ്ങളില്‍ സംസ്ഥാനത്തെ ഓരോ ദിവസത്തേയും ശരാശരി വൈദ്യുതി ഉപഭോഗം 15400 മെഗാവാട്ട് ആയിരുന്നു. മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായിയും (ഇന്ത്യാ ടുഡേ) പങ്കജ് ഝായും (എ ബി പി ന്യൂസ്) ഇതേ കാര്യം ട്വിട്ടറില്‍ ഉന്നയിച്ചിട്ടുണ്ട്.

 

ബിജെപി അധികാരത്തില്‍ വന്നാല്‍സംസ്ഥാനത്തെ എല്ലാ അറവുശാലകളും അടച്ചു പൂട്ടുമെന്ന അമിത് ഷായുടെ പ്രസംഗവും ഇത്തരത്തില്‍ സവര്‍ണ്ണ ഹിന്ദു വോട്ടുകളെ പൊതുശത്രുവിനെതിരായി ഏകീകരിപ്പിക്കാന്‍ ലക്ഷ്യമിട്ടുളളത് തന്നെയാണു. പ്രധാനമന്ത്രിപദത്തിലിരിക്കുന്ന ഒരാള്‍ തന്റെ പദവിയെ കളാങ്കപ്പെടുത്തും വിധത്തിലുളള പ്രസ്താവനനടത്തിയതില്‍ സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി വിമര്‍ശനങ്ങളാണുയരുന്നത്. ജാതി, മതം തുടങ്ങിയവയെ ഉയര്‍ത്തിക്കാട്ടി തെരെഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് സുപ്രീം ക്കോടതി വിധിയുണ്ടായിട്ട് ആഴ്ച്ചകള്‍ തികയുന്നതിനു മുന്നേയാണു മോദിയുടെ ഈ പരസ്യപ്രസ്താവന വന്നിരിക്കുന്നതു.