വിവാദമായതോടെ സ്‌കൂളുകളില്‍ പ്രേമം ചെറുക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ പിന്‍വലിച്ചു:പൊലീസ് ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു സർക്കുലറെന്ന് കലക്ടര്‍

single-img
22 February 2017


തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനികല്‍ പ്രേമബന്ധങ്ങളില്‍ അകപ്പെടാനുള്ള പ്രവണതകള്‍ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. പ്രശ്നം വിവാദമായതില്‍ തുടര്‍ന്ന് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന കാരണം ചൂണ്ടികാണിച്ചാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രേമം ചെറുക്കാന്‍ മൂന്നു നിര്‍ദേശങ്ങളാണ് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത്. ഹൈസ്‌ക്കൂള്‍ തലത്തില്‍ പെണ്‍ക്കുട്ടികള്‍ക്ക് കൗണ്‍സിലര്‍ മുഖേന ബോധവത്കരണ ക്ലാസ് നടത്തുക. അധ്യാപക രക്കാകര്‍തൃയോഗങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്കുക. ബാലിശമായ പ്രമങ്ങളില്‍ അകപ്പെടുന്ന പ്രവണതകളെ ചെറുക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയില്ലാതെ ഇറക്കിയ സര്‍ക്കുലര്‍ സംബന്ധിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ഇന്റലിജന്‍സ് എ.ഡി.ജി.പി എല്ലാ കളക്ടര്‍മാര്‍ക്കും അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നായിരുന്നു വിദ്യാഭ്യാസ ഉപഡയറക്ടറുടെ മറുപടി.

പൊതുവിദ്യഭ്യാസ വകുപ്പിന്റെ അറിവോ, നിര്‍ദേശമോ കൂടാതെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ആയതിനാലാണ് പിന്‍വലിക്കാന്‍ നിര്‍ദേശിക്കുന്നതെന്ന് ഡി.പി.ഐ അറിയിച്ചു