പതിന്നാലു വയസ്സുള്ള മകളെ ഏഴുലക്ഷം രൂപയ്ക്കു വിൽക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

single-img
21 February 2017

പതിന്നാലു വയസ്സുള്ള സ്വന്തം മകളെ ഏഴുലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച പിതാവിനെ പോലീസ്  അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അൽവർ സ്വദേശിയായ ബൽവീർ സിംഗ് എന്നയാളാണു തന്റെ മകളെ ഹരിയാന സ്വദേശികൾക്ക് വിറ്റത്.

ഹരിയാനയിലെ ഭിവാന സ്വദേശികളായ ലീലാധർ ജാട്ട്, ഈശ്വർ സിംഗ്, സുഭാഷ് അഗർവാൾ എന്നിവരടങ്ങുന്ന സംഘം പെൺകുട്ടിയെ ഒരു കാറിൽ കടത്തിക്കൊണ്ടുപോകുന്നതിനിടെ പെൺകുട്ടി നിലവിളിക്കുന്നത് കേട്ട ഗ്രാമവാസികൾ കാർ തടഞ്ഞു മൂവരേയും പോലീസിൽലേൽപ്പിക്കുകയായിരുന്നു.

കർഷകത്തൊഴിലാളിയായ ബൽവീർ സിംം ജോലി തേടി ഇടയ്ക്കിടെ ഹരിയാനയിൽ പോകാറുണ്ടായിരുന്നു. അത്തരം യാത്രകളിൽ പരിചയപ്പെട്ട ഈശ്വർ സിംഗാണു ബൽവീർ സിംഗിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരമായിീത്തരമൊരു കച്ചവടത്തിന്റെ നിർദ്ദേശം മുന്നോട്ട് വെച്ചത്. മുപ്പത്തിയഞ്ചു വയസ്സു പ്രായമുള്ള ഒരു ധനികനു വിവാഹം കഴിക്കാനാണു പെൺകുട്ടിയെ വാങ്ങുന്നതെന്നാണു ഈശ്വർ സിംഗ് ബൽവീർ സിംഗിനോട് പറഞ്ഞത്.

ഈ ഗൂഢാലോചനയിൽ തന്റെ അമ്മയും പങ്കാളിയാണെന്നു പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ പരാതിയിന്മേൽ പിതാവടക്കം നാലുപേർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന ( ഐപിസി 363,366,367.120 ബി) തുടങ്ങിയ വകുപ്പുകൾ ചേർത്തു കേസെടുത്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലക്ഷ്മൺഗഡ് പോലീസാണു കേസെടുത്തത്