നീന്തലറിയാത്ത ഭാര്യയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച ഭര്‍ത്താവ് കനാലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താണു.

single-img
21 February 2017

വെള്ളത്തിൽ മുങ്ങിമരിച്ച അഖിലിനൊപ്പം ഭാര്യ ഉണ്ണിമായ

അമ്പലപ്പുഴ: വിവാഹം കഴിഞ്ഞ് മധുവിധുതീരും മുന്‍പേ ഭാര്യയെ ജീവിതത്തിലേക്ക് രക്ഷിച്ച് യുവാവ് മരണത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്താഴ്ന്നു. തോട്ടപ്പള്ളി നാലുചിറയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം.നാലുചിറ പുത്തന്‍പറമ്പ് അപ്പുക്കുട്ടന്റെ മകന്‍ അഖില്‍ (27) ആണ് വെള്ളത്തില്‍ മുങ്ങിമരിച്ചത്.

തോട്ടപ്പള്ളി നാലുചിറയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. അഖില്‍, ഭാര്യ ഉണ്ണിമായ (20), അഖിലിന്റെ സഹോദരീഭര്‍ത്താവ് പല്ലന സ്വദേശി രാജീവ് (27) എന്നിവര്‍ സഞ്ചരിച്ച ഫൈബര്‍ ബോട്ടാണ് മറിഞ്ഞത്. നീന്തലറിയാത്ത ഉണ്ണിമായയെ രക്ഷിക്കുന്നതിനുള്ള പരിശ്രമത്തില്‍ ക്ഷീണിതനായ അഖിലിന് നീന്തി കരപറ്റാനായില്ല. ഉണ്ണിമായയ്‌ക്കൊപ്പം രാജീവും രക്ഷപ്പെട്ടു. വിവാഹിതരായി നാൽപ്പതാം ദിവസമായിരുന്നു ദുരന്തമുണ്ടായത്.
തോട്ടപ്പള്ളിയില്‍ ഉണ്ണിമായയുടെ വീട്ടില്‍ പോയി തിരികെയെത്തിയതായിരുന്നു ഇവര്‍. ഫൈബര്‍ വള്ളത്തിലാണ് കനാല്‍ കടന്നത്. കനാലിന്റെ മധ്യത്തിലെത്തും മുന്‍പായി ആടിയുലഞ്ഞ വള്ളം മുങ്ങുകയായിരുന്നു. രാജീവ് നീന്തി കരയിലെത്തി. നീന്തലറിയാത്ത ഉണ്ണിമായയെ അഖില്‍ മുങ്ങിത്താഴാതെ ഉയര്‍ത്തിയെടുത്തു.നീന്തലറിയാവുന്ന അഖില്‍ കരയിലെത്തും എന്ന പ്രതീക്ഷയിലായിരുന്നു പരിസരവാസികളും. എന്നാല്‍, അഖില്‍ ആഴങ്ങളിലേക്ക് കാണാതാകുകയായിരുന്നു. ഏറെനേരം കഴിഞ്ഞ് പരിസരവാസികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഹരിപ്പാട് നിന്നെത്തിയ അഗ്‌നിശമനസേന മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.