പിങ്ക് പോലീസിന്റെ സദാചാര ഗുണ്ടായിസം വീണ്ടും : മ്യൂസിയത്തിൽ സംസാരിച്ചിരുന്ന യുവാവിനേയും യുവതിയേയും കസ്റ്റഡിയിലെടുത്തു

single-img
21 February 2017

തിരുവനന്തപുരത്തെ മ്യൂസിയം പരിസരത്ത് സംസാരിച്ചിരുന്ന സുഹൃത്തുക്കളായ യുവാവിനേയും യുവതിയേയും സദാചാരലംഘനമാരോപിച്ച് പിങ്ക് പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. തന്റെ സുഹൃത്തായ പെൺകുട്ടിയോടൊപ്പമിരിക്കുമ്പോൾ പിങ്ക് പോലീസ് തങ്ങളുടെ അടുത്തെത്തി അപമാനിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിന്റെ വീഡിയോ എടവക്കോട് സ്വദേശിയായ വിഷ്ണു എസ് എസ് എന്ന യുവാവ് ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്തു.

തോളിൽ കയ്യിട്ട് സംസാരിച്ചുകൊണ്ടിരുന്നാൽ എങ്ങനെ അനാശാസ്യമാകുമെന്നും തങ്ങൾ ചെയ്ത തെറ്റെന്താണെന്ന് വിശദീകരിക്കണമെന്നും യുവാവും യുവതിയും തങ്ങളെ കസ്റ്റഡിയിലെടുക്കാൻ വന്ന വനിതാപോലീസുകാരോട് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായിരിക്കുകയാണു. ഈയടുത്ത കാലത്തായി പിങ്ക് പോലീസിന്റെ സദാചാരവേട്ടയ്ക്ക് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും ഇരകൾ തന്നെ പരസ്യമായി രംഗത്തു വരുന്ന സാഹചര്യം ഇതാദ്യമാണു.

കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയ തങ്ങളോട് വനിതാ പോലീസുകാർ മോശമായി പെരുമാറുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. “എന്റെ മൊബൈൽ ഫോണവർ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഞാനെതിർത്തപ്പോൾ ‘എരണം കെട്ടവളെ’ന്നും ‘ബ്ലഡി റാസ്കൽ’ എന്നും മറ്റും വിളിച്ച് ഒരു വനിതാ പോലീസുകാരി എന്നെ അധിക്ഷേപിച്ചു”, യുവതി ഇ വാർത്തയൊടു പറഞ്ഞു.

രണ്ടു പേരുടേയും രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം ഇവരെ വിട്ടയയ്ക്കാൻ പോലീസ് തയ്യാറായെങ്കിലും എസ്  ഐയെ കണ്ട് തങ്ങൾക്കു നേരിട്ട അപമാനത്തിനു പരാതി നൽകിയ ശേഷമേ പോകുകയുള്ളൂ എന്ന നിലപാടിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽത്തന്നെ ഇരിക്കുകയാണു യുവാവും യുവതിയും. എന്നാൽ പരാതിയുമായി മുന്നോട്ടു പോയാൽ അനാശാസ്യവും വനിതാ പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതുമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ്സ് ചാർജ്ജ് ചെയ്യുമെന്നു പോലീസുകാർ ഭീഷണിപ്പെടുത്തിയതായി യുവതി ഇ വാർത്തയോട് പറഞ്ഞു.

എന്നാൽ പൊതുസ്ഥലത്ത് മോശം സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനോടും യുവതിയോടും അവിടെ നിന്നും പോകാൻ ആവശ്യപ്പെട്ടപ്പോൾ അവർ വനിതാ പോലീസിനോട് തട്ടിക്കയറിയെന്നും, അതുകൊണ്ടാണു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയതെന്നുമാണു മ്യൂസിയം എസ് ഐ പ്രതികരിച്ചത്. അവരുടെ പേരിൽ നിലവിൽ കേസ്സൊന്നും ചാർജ്ജ് ചെയ്തിട്ടില്ലെന്നും അദ്ദേഹം  പറഞ്ഞു.

 

https://www.facebook.com/100014370212588/videos/vb.100014370212588/182350708920602/?type=2&theater