നടിക്കെതിരായ അക്രമം: പ്രതി ദൈവമാണെങ്കിലും പിടികൂടുമെന്ന് മന്ത്രി എ.കെ ബാലൻ

single-img
21 February 2017

കോഴിക്കോട്: അംഗീകരിക്കാന്‍ പറ്റാത്ത പല പ്രവണതകളും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നു എന്ന് മന്ത്രി എ.കെ. ബാലന്‍. മാളത്തില്‍ ഒളിച്ചിരിക്കുന്ന ഉടുമ്പിനെ തീ വച്ച് പുറത്ത് ചാടിക്കുന്നത് പോലെ എല്ലാ പ്രതികളെയും വെളിയില്‍ കൊണ്ടുവരും. കേസന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍ ഒതുങ്ങില്ല എന്നും കേസില്‍ ദൈവം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും പിടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിനിമ –രാഷ്​ട്രീയ മേഖലകളിൽ നിന്നുള്ളവരെയും അന്വേഷണത്തിൽ ഉൾക്കൊള്ളിക്കുമെന്നും മന്ത്രി പറഞ്ഞു.

നടി നല്‍കിയ മൊഴിയിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയില്‍ വരും. സിനിമാ വകുപ്പ് ഏറ്റെടുത്തപ്പോള്‍ തന്നെ ഷോക്കടിക്കും എന്നാണ് പലരും തന്നോട് പറഞ്ഞത്. പക്ഷെ ഷോക്കടിക്കാന്‍ പോവുന്നത് മറ്റുചിലര്‍ക്കാണ്. ഫലപ്രദമായ ഇടപെടലുകളാണ് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.