നടിയെ ആക്രമിച്ച മണികണ്ഠന്‍ പാലക്കാട്ടുനിന്ന് പിടിയിൽ;അന്വേഷണം പള്‍സര്‍ സുനിയുടെ പെണ്‍സുഹൃത്തുക്കളിലേക്കും

single-img
21 February 2017

കൊച്ചി ∙ ഓടുന്ന വാഹനത്തിനുള്ളിൽ മലയാളി നടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ മുഖ്യപ്രതികളിലൊരാൾ പൊലീസ് പിടിയിൽ. തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടെ ഒളിയിടത്തിൽ നിന്നാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. ഇനി പിടിയിലാകാനുളള മറ്റുരണ്ടുപേര്‍ക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസിന്റെ കസ്റ്റഡിയിലുളള മറ്റുരണ്ടുപേര്‍ നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനി, വിജേഷ്, മണികണ്ഠന്‍ എന്നിങ്ങനെ മൂന്നുപേരാണ് നടിയെ ആക്രമിച്ചതെന്നാണ് വിവരം.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെയും വിജീഷിന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ അന്വേഷണം സുനിയുടെ രണ്ടു പെണ്‍സുഹൃത്തുക്കളിലേക്കും വ്യാപിക്കുന്നു.ഒളിവിലായ ശേഷം ഇയാൾ പെണ്‍സുഹൃത്തുക്കളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സുനിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. സുനിയുടെ പെണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് പോലീസിന്റെ നീക്കം.

കഴിഞ്ഞ ദിവസം സുനി അമ്പലപ്പുഴയില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതിന് മുമ്പേ സുനി ഇവിടെനിന്ന് കടക്കുകയായിരുന്നു. അമ്പലപ്പുഴയിലുള്ള സുഹൃത്തുക്കളെ കാണാനാണ് ഇയാള്‍ ഇവിടെ എത്തിയതെന്നാണ് വിവരം.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്നാണ് അറിയുന്നത്. കേസ് ഡയറി ഹാജരാക്കാനും കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുവെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും ശനിയാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി വക്കാലത്ത് ഒപ്പിട്ട് കൊടുക്കാന്‍ പള്‍സര്‍ സുനി നേരിട്ട് തന്റെ വീട്ടിലെത്തിയെന്നാണ് ഇന്നലെ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

അന്വേഷണം വ്യാപിപ്പിച്ചതോടെ സുനി തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. തമിഴ്‌നാട്ടിലുള്ള സംഘത്തോട് ഇവിടെതന്നെ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.