സർക്കാരിനു മെല്ലപ്പോക്ക്;എല്‍ഡിഎഫ് യോഗത്തില്‍ വിമര്‍ശനം;മന്ത്രിമാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രത്യേക ചര്‍ച്ചയെന്ന് മുഖ്യമന്ത്രി

single-img
20 February 2017

തിരുവനന്തപുരം: സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരെ എല്‍ഡിഎഫ് യോഗത്തില്‍ വിമര്‍ശനം. വിഷയത്തില്‍ മന്ത്രിമാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഇത് കിട്ടിയതിന് ശേഷം എല്‍ഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി എല്‍ഡിഎഫിന്റെ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സംസ്ഥാനത്തെ സിപിഐഎം-സിപിഐ തര്‍ക്കത്തെ കുറിച്ചും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ജനതാദള്‍ ആണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. തര്‍ക്കപരിഹാരത്തിന് യോഗത്തില്‍ ധാരണയായി. വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ധാരണയായിരിക്കുന്നത്.

അതേസമയം സിപിഐയ്‌ക്കെതിരെ എന്‍സിപിയും വിമര്‍ശനം ഉയര്‍ത്തി. ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് എഐടിയുസി മാര്‍ച്ച് നടത്തിയതിനെതിരെയാണ് പ്രതിഷേധം. എഐടിയുസിയുടെ നടപടി തെറ്റാണെന്ന് എന്‍സിപി പറഞ്ഞു. ഇത്തരം തെറ്റ് ഇനി ഉണ്ടാകില്ലെന്ന് സിപിഐ അറിയിച്ചു.