കിം ജോങ് നാമിനെ വിഷം സ്‌പ്രേ ചെയ്ത് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

single-img
20 February 2017


കിം ജോങ് നാമിനെ വിഷം സ്‌പ്രേ ചെയ്ത് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരനാണ് കിം ജോങ് നാം. ജാപ്പനീസ് ചാനലായ ഫൂജി ടിവിയാണ് കൊലപാതക ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
കഴിഞ്ഞ തിങ്ങളാഴ്ച മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. രണ്ട് സ്ത്രീകള്‍ കിം ജോങ് നാമിന്റെ മുഖത്ത് വിഷം സ്‌പ്രേ ചെയ്യുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കിം മരണപ്പെട്ടു.

 


വിമാനത്താവളത്തിലൂടെ നടന്നു വരികയായിരുന്ന കിമ്മിനു പുറകിലെത്തിയ സ്ത്രീ മുഖത്തേക്ക് കൈ എത്തിക്കുന്നതും ശേഷം വേഗത്തില്‍ നടന്നു പോകുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ആക്രമണത്തിനുശേഷം കിം ജീവനക്കാരോട് സഹായം ചോദിക്കുന്നതും ആരും സഹായത്തിനില്ലാതെ ടെര്‍മിനലിലെ മെഡിക്കല്‍ സെന്ററിലേക്ക് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കിം ജോങ് ഉന്നിന്റെ പിതാവും ഉത്തരകൊറിയന്‍ മുന്‍ ഭരണാധികാരിയുമായ കിം ജോങ് ഇല്ലിന് സിനിമാ നടി റിമ്മുമായുണ്ടായിരുന്ന ബന്ധത്തിലുള്ള മകനാണ് കിം ജോങ് നാം. കിം ജോങ് ഉന്നിന്റെ ഭരണത്തിനെതിരെ ഒരുപാടു തവണ കിം പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകത്തിന് ഉത്തരവാദി ആരാണെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും ഉത്തര കൊറിയന്‍ ഏജന്റുമാരാണെന്നാണ് ആരോപണം. സംഭവത്തിനു ശേഷം ഉത്തര കൊറിയുമയുള്ള മലേഷ്യയുടെ നയതന്ത്ര ബന്ധത്തിലും വിള്ളലുകളുണ്ടായി. കൊറിയന്‍ സ്ഥാനപതിയോട് നേരിട്ടാണ് മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിക്ഷധം അറിയിച്ചത്.