പൾസർ സുനി രക്ഷപെട്ടതിൽ നിർമാതാവായ ആന്റോ ജോസഫിനു പങ്കില്ല;സുനിയെ രക്ഷപ്പെടാന്‍ സഹായിച്ചത് നിർമ്മാതാവാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി പിടി തോമസ് എംഎൽഎ

single-img
20 February 2017

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി രക്ഷപെട്ടതിൽ നിർമാതാവായ ആന്റോ ജോസഫിനു പങ്കില്ലെന്ന് പി.ടി. തോമസ് എംഎല്‍എ . പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നിൽവച്ചാണ് ആന്റോ ജോസഫ് ഫോൺ ചെയ്തത്. സുനി ഫോൺ എടുത്തപ്പോൾ ആന്റോ ജോസഫ് എസിപിക്കു ഫോൺ കൈമാറി. എന്നാൽ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോൺ ബന്ധം വിച്ഛേദിച്ചെന്നും പി.ടി. തോമസ് അറിയിച്ചു.

നടിയെ തട്ടികൊണ്ടു പോയി ഉപദ്രവിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് സ്ഥിതീകരിച്ചതായും എംഎല്‍എ വ്യക്തമാക്കി. തമ്മനത്തെ ഫ്‌ലാറ്റില്‍ 20 പേരുണ്ടെന്നും അവിടെയെത്തിച്ച് മയക്കുമരുന്ന് നല്‍കി ഉപദ്രവിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും എം.എൽ.എ പറഞ്ഞു.

അതേസമയം യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടി മൊഴി നൽകി. വാഹനത്തില്‍ വെച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവര്‍ പോലീസിന് മൊഴിനല്‍കി.

സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫഌറ്റില്‍ കൊണ്ടു പോയി ഉപദ്രവിക്കുമെന്ന് സുനി പറഞ്ഞതായും നടി മൊഴി നല്‍കി.

നടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നടി ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് സ്ഥലത്തു നിന്നു കൊച്ചിയിലേക്കു കാറിൽ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സിനിമാ നിർമാണ കമ്പനി ഏർപ്പാടാക്കിയ കാറിലായിരുന്നു നടിയുടെ യാത്ര. വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണു പ്രതികൾ നടിയുടെ കാർ തടഞ്ഞത്.

പിന്നീട് ഇവരെ തമ്മനം, ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളിലെ ഇടറോഡുകളിലൂടെ കാറിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണു നടി നൽകിയ സ്ഥല വിവരണത്തിൽ നിന്നു പൊലീസിന്റെ അനുമാനം. പത്തര മണിയോടെ കാക്കനാട് വാഴക്കാല ഭാഗത്ത് ഇവരെ വിട്ട് പ്രതികൾ മറ്റൊരു വാഹനത്തിൽ കടന്നു കളയുകയായിരുന്നു. തുടർന്ന് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിൽ നടി രക്ഷതേടി എത്തുകയായിരുന്നു.