സംസ്ഥാനത്ത് ‘വിജിലന്‍സ് രാജാണോ’എന്ന് ഹൈക്കോടതി:മന്ത്രിസഭ തീരുമാനങ്ങള്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് അപക്വം

single-img
20 February 2017

എറണാകുളം: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജോണോ നടക്കുന്നതെന്ന് ചോദിച്ച കോടതി മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നുവെന്നും വിമര്‍ശിച്ചു.ശങ്കര്‍ റെഡ്ഡിയുടെ ഡിജിപി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെയാണ് വിജിലന്‍സിനെ വാക്കാല്‍ ഹൈക്കോടതി വിമര്‍ശിച്ചത്. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തിനെതിരായ വിജിലന്‍സ് നടപടി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു.

ഡിജിപി റാങ്ക് നൽകി, ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി പ്രാഥമികാന്വേഷണം നിർദേശിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. മുൻസർക്കാർ എൻ. ശങ്കർ റെഡ്ഡിയെ ഡിജിപിയായി നിയമിച്ചതു സംബന്ധിച്ച പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരം നടപടിക്കു കാരണമുണ്ടോ എന്നു കഴിഞ്ഞ ദിവസം ചോദിച്ചതിന്റെ തുടർച്ചയാണു വിമർശനം. എൻ. ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം പരിശോധിച്ചതിനും കോടതി അതൃപ്തി രേഖപ്പെടുത്തി.

മുന്‍ സര്‍ക്കാരിന്റെ നിയമനങ്ങള്‍ പരിശോധിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഡിക്കെതിരായ പരാതിയില്‍ അഴിമതി നിരോധന നിയമപ്രകാരം കുറ്റമൊന്നും ഇല്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പുതിയ സര്‍ക്കാരും നിയമനം അംഗീകരിച്ച സ്ഥിതിക്ക് ഇതിനെ എങ്ങനെ വിജിലന്‍സിന് ചോദ്യം ചെയ്യാനാകുമെന്നും കോടതി ആരാഞ്ഞു.