ഗുണ്ടാരാജിന്റെ സാന്നിധ്യം എത്രത്തോളം ഭീകരമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് നടി ഭാവനയ്ക്ക് എതിരായ ആക്രമണം;സംസ്ഥാനത്ത് ഗൂണ്ടരാജിന്റെ അഴിഞ്ഞാട്ടം;മുഖ്യമന്ത്രിക്കെതിരേ കുമ്മനം രാജശേഖരൻ

single-img
18 February 2017

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വീണ്ടും രംഗത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയാത്ത പിണറായി ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണം. സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടക്കുന്നത്. പിണറായി ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കാത്ത സ്ഥിതിയാണെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.സംസ്ഥാനത്ത് ഗൂണ്ട രാജിന്റെ സാന്നിധ്യം എത്രത്തോളം ഭീകരമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പ്രമുഖ നടിക്കെതിരെ ഉണ്ടായ ആക്രമണം. കേരളത്തിലെ ഗൂണ്ടരാജ് ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ സമസ്ത മേഖലകളിലും പിടിമുറിക്കിയിരിക്കുന്നു. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവണെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രമസമാധന നില എത്രകണ്ട് വഷളായിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വത്തിനും ജീവനും ഭീക്ഷണി, സദാചാര ഗൂണ്ടാ ആക്രമണം തുടങ്ങി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു പോലും വിലങ്ങ് വീഴുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിന് നാഥനില്ലാത്ത അവസ്ഥയാണ്. സ്വൈര്യമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ അവസ്ഥയിലും ഒന്നും പ്രതികരിക്കാന്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി തയ്യാറാവാത്തത് അങ്ങേയറ്റം കുറ്റകരമാണെന്ന് കുമ്മനം വിമര്‍ശിച്ചു.