മറീനാ ബീച്ചില്‍ എം.കെ. സ്റ്റാലിന്‍ നിരാഹാരം ആരംഭിച്ചു;നിയമസഭയില്‍ നിന്ന് പുറത്താക്കുന്നതിനിടെ മര്‍ദ്ദിച്ചെന്ന് പരാതി

single-img
18 February 2017


ചെന്നൈ: വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ നിരാഹാര സമരം നടത്തുന്നു. ചെന്നൈ മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തിനുമുന്നിലാണ് സ്റ്റാലിന്റെ നിരാഹാര സമരം. സഭയില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാനായി സ്റ്റാലിനും സംഘവും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് മറീന ബീച്ചിലെത്തി നിരാഹാര സമരം ആരംഭിച്ചത്.

വിശ്വാസവോട്ടെടുപ്പിനിടെ നിയമസഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ ധനപാലന്‍ സഭയില്‍ നിന്ന് പുറത്താക്കിയത്. ഡിഎംകെ എംഎല്‍എമാര്‍ തന്നെ അപമാനിച്ചെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ചില ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ മേശ തകര്‍ക്കുകയും കസേരയില്‍ ഇരിക്കുകയും ചെയ്തിരുന്നു.
അതേസമയം, സംഘര്‍ഷത്തിനിടെ ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറെ ആക്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സ്പീക്കര്‍ സ്വയം വസ്ത്രം വലിച്ചുകീറിയിട്ടു ഡിഎംകെ എംഎല്‍എമാരെ കുറ്റം പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു