കുഴല്‍ക്കിണര്‍ കുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി;ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറയുന്ന പശ്ചാത്തലത്തിലാണു നടപടി

single-img
18 February 2017

തിരുവനന്തപുരം: കുഴല്‍ക്കിണര്‍ കുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. വിലക്ക് മറികടന്ന് കിണര്‍ കുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ചയെ തുടര്‍ന്ന് ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറയുന്ന പശ്ചാത്തലത്തിലാണു സർക്കാർ നടപടി.മെയ് അവസാനം വരെ നിരോധനം തുടരും.

പ്രതിവര്‍ഷം ശരാശരി മൂന്ന് മീറ്ററോളം ജലനിരപ്പ് താഴുന്നുണ്ട്. കടുത്ത വരള്‍ച്ചയും മഴ ലഭിക്കാത്തതുമാണ് ഭൂഗര്‍ഭ ജലം കുറയുവാനുള്ള കാരണം. ജലചൂഷണം തടയാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

പാറക്കുളങ്ങള്‍ കണ്ടെത്തി ഉപയോഗത്തിന് പര്യാപ്തമാണോയെന്ന് നോക്കുക. അങ്ങനെയുള്ള ജലസ്രോതസുകളെ ചൂഷണം ചെയ്യാതെ സംരക്ഷിക്കുക. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് വരള്‍ച്ച മറികടക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതികള്‍. കിയോസ്‌കുകള്‍ പ്രായോഗികമല്ലെന്ന് തോന്നുന്ന ഇടങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കും. ഇതിനുള്ള തീരുമാനം കളക്ടര്‍മാര്‍ക്ക് എടുക്കാം. ജിപിഎസ് ഘടിപ്പിച്ച ലോറികളില്‍ മാത്രമെ വെള്ളം കൊണ്ടുപോകാവൂ എന്നും നിര്‍ദേശമുണ്ട്.