ഡി ‘ സിനിമാസ് എന്ന ചാലക്കുടിയിലെ കൊള്ളസങ്കേതം;ദിലീപിന്റെ തീയേറ്ററില്‍ പകല്‍ക്കൊള്ളയെന്ന് സോഷ്യല്‍ മീഡിയ

single-img
18 February 2017

ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ എന്ന തീയേറ്ററില്‍ അനധികൃതമായ ഫീസുകള്‍ ഈടാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പരാതി. കേരളത്തിലെ തീയറ്ററുകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന തിരുവനന്തപുരം ഏരീസില്‍ പോലുമില്ലാത്ത പകല്‍ക്കൊള്ളയാണ് ഡി സിനിമാസില്‍ എന്നാണ് പരാതി. ദിലീപിന്റെ തീയറ്റര്‍ സ്ഥിതി ചെയ്യുന്ന ചാലക്കുടി അടിസ്ഥാനമാക്കിയുള്ള നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിഷയം പുറത്ത് വന്നത്.ഫേസ്ബുക്ക് പേജില്‍ വന്ന വാര്‍ത്ത നിമിഷങ്ങള്‍ക്കകം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. കാര്‍ പാര്‍ക്കിങ്ങിന് 20 കൂപ നല്‍കണമെന്നും എ സീരിസില്‍പ്പെടുന്ന കേരളത്തിലെ മറ്റു തീയേറ്ററുകളിലില്ലാത്ത തരത്തിലുള്ള ഫീസുകളാണ് ഇവിടെ ഈടാക്കുന്നതെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

തിയേറ്ററില്‍ നിന്നു ലഭിക്കുന്ന സാധനങ്ങള്‍ക്ക പുറത്തുള്ളതിന്റെ ഇരട്ടി വിലയാണ് നല്‍കേണ്ടി വരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപണങ്ങളുണ്ട്. ഒരു ചായക്ക് 25 രൂപയും ഐസ് ക്രീം 50 രൂപ, പോപ്പ്കോണ്‍ 100 രൂപ എന്നിങ്ങനെയാണ് വില ഈടാക്കുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. വാര്‍ത്ത പ്രചരിച്ചതോടെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളും പോസ്റ്റില്‍ വന്നിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തില്‍ ഷോപ്പിംഗ് മാളുകളിലെ മള്‍ട്ടി പ്ലക്‌സുകളിലോ, കേരളത്തിലെ തന്നെ തീയറ്ററുകളില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന ബി. ഉണ്ണികൃഷ്ണന്റെ തിരുവനന്തപുരത്തുള്ള ഏരീസ് പ്ലസ് തീയറ്ററിലോ ഇല്ലാത്ത തരത്തിലുള്ള പകല്‍ കൊള്ളയാണ് ചാലക്കുടിയിലെ ഡി ‘ സിനിമാസ്സില്‍ നടക്കുന്നത്. ലിബര്‍ട്ടി ബഷീറിനെ മലര്‍ത്തി അടിച്ചു എന്ന് അവകാശപ്പെട്ടു കേരളത്തില്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയെ പിളര്‍ത്തി പേരെടുത്ത ദിലീപ് എന്ന ജനപ്രിയ നായകന്റെ സ്വന്തം തീയറ്ററില്‍ ജനത്തിന് പ്രിയം ഇല്ലാത്ത രീതിയില്‍ ആണ് തീവെട്ടിക്കൊള്ള നടക്കുന്നത്.

കാര്‍പാര്‍ക്കില്‍ നിന്നും തുടങ്ങുന്നു അവരുടെ കൊള്ള. മുനിസിപ്പാലിറ്റി പണം ഈടാക്കരുത് എന്ന് പറഞ്ഞെങ്കിലും ഡി ‘ സിനിമാസ്സില്‍ കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ 20 രൂപ കൊടുക്കണം. അത് കഴിഞ്ഞു ടിക്കറ്റ് എടുക്കാന്‍ ചെന്നാല്‍ ടിക്കറ്റിന് പുറമെ 3 കൂടി സെസ്സ് വാങ്ങിയിരിക്കും അതും കഴിഞ്ഞു ഉള്ളില്‍ കയറാന്‍ പോകുമ്പോള്‍ സാധാരണ ഒരു തീയറ്ററിലും മൂന്നോ, നാലോ വയസ്സുകാര്‍ക്കു ടിക്കറ്റ് ചോദിക്കാറില്ല. ഇവിടെ ചെന്നാല്‍ മൂന്നു വയസ്സ് കാര്‍ക്കും കൊടുക്കണം ഫുള്‍ ടിക്കറ്റ് ചാര്‍ജ്. ആ കടമ്പയും കഴിഞ്ഞു ചെല്ലുമ്പോള്‍ ആണ് രണ്ടു ആണുങ്ങളും ഒരു പെണ്ണും കൂടി എയര്‍ പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിങ് പോലും നാണിക്കുന്ന രീതിയില്‍ അമ്മമാരുടെ കൈയ്യിലെ ഹാന്‍ഡ് ബാഗ് മുതല്‍ എല്ലാം തിരഞ്ഞു പുറത്തിട്ടു പരിശോധിക്കല്‍. അതില്‍ കാണുന്ന കുട്ടികള്‍ക്ക് കൊടുക്കാനുള്ള ബിസ്‌ക്കറ്റ് പോലും എടുത്തു പുറത്തിട്ടു നമ്മളെ ഉള്ളിലേക്ക് പറഞ്ഞു വിടുന്നു. കുടി വെള്ളം പോലും അകത്തു കടത്താന്‍ അനുവദിക്കില്ല.

അത് കഴിഞ്ഞു ലോഞ്ചില്‍ ചെന്നിരുന്നാല്‍ അവിടെ അവരുടെ വക ഐസ് ക്രീം, കൂള്‍ ഡ്രിങ്ക്‌സ്, പോപ്പ്‌കോണ്‍, മറ്റു സാധനങ്ങള്‍. ഇതെല്ലം പുറത്തു കിട്ടുന്ന വിലയേക്കാള്‍ ഇരട്ടി കൊടുക്കണം. ഉദാ: ഒരു ചായ 25 രൂപ, ഐസ് ക്രീം 50 രൂപ, പോപ്പ്‌കോണ്‍ 100 രൂപ. ജനപ്രിയ നായകന്റെ തീയറ്ററില്‍ നടക്കുന്ന ഈ പകല്‍ കൊള്ള അധികൃതരുടെ മുന്നില്‍ പരാതി പെടും എന്ന പറഞ്ഞപ്പോള്‍ അവിടെ നില്‍ക്കുന്ന ജീവനക്കാരുടെ വക പരിഹാസം വേറെ. വെറും 500 മീറ്റര്‍ അപ്പുറത്തു ഈ ജനപ്രിയ നായകന്റെ തന്നെ ‘ഐ വിഷന്‍ ‘ എന്ന കണ്ണാസ്പത്രി ഉണ്ട്. പറയുമ്പോള്‍ എല്ലാം ജനത്തിന് വേണ്ടി , അടുത്തറിയുമ്പോള്‍ ആണ് എല്ലാം ജനത്തിന്റെ പണത്തിനു വേണ്ടി ആണെന്ന് അറിയുന്നത്.