വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയുള്ള പരാമര്‍ശം; മദര്‍ കോളേജ് പ്രിന്‍സിപ്പലിനെ മാറ്റി

single-img
17 February 2017

തൃശൂർ: വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണം നേരിടുന്ന തൃശൂർ പെരുവല്ലൂർ കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് സലീമിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഈ വിഷയത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിച്ചത്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് സലീമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കോളേജിൽ വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളെ ചൊല്ലിയും വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ മുറിയില്‍ വിളിച്ചുവരുത്തി തികച്ചും സ്വകാര്യമായ കാര്യങ്ങള്‍ തങ്ങളോട് ചോദിക്കുന്നു എന്നാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരിക്കുന്നത്. പല ചോദ്യങ്ങളും ലൈംഗിക ചുവയുള്ളതാണെന്നും ഇവര്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 5000 രൂപ വരെ ഫൈന്‍ ഈടാക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി പരിഹാരം കണ്ടിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സമരം തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോളേജിന്റെ നടപടി.