ജിഷ്ണുവിന് മര്‍ദ്ദനമേറ്റ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ:പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നു

single-img
17 February 2017


പാലക്കാട്: പാമ്പാടി നെഹ്രു കോളജിലെ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന സംഘം സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇതിനായി ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കോളെജിലെ മുറികളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മരിച്ച ജിഷ്ണു പ്രണോയിയെ ഇവിടെവച്ച് മര്‍ദിച്ചിരുന്നെന്നാണ് പൊലീസ് വിലയിരുത്തല്‍.ജിഷ്ണു മരിച്ച ദിവസത്തെയും തൊട്ടടുത്ത ദിവസത്തെയും ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ കേസ് അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കോളെജ് അധികൃതരില്‍നിന്ന് പൊലീസിന് ലഭിച്ച ഹാര്‍ഡ് ഡിസ്‌കാണ് ഫോറന്‍സിക് പരിശോധനയ്ക്കുവേണ്ടി അയച്ചിട്ടുള്ളത്.

ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ജിഷ്ണുവിന് ഈ മുറിയില്‍ വച്ച് മര്‍ദ്ദനമേറ്റതായും കണ്ടെത്തി. നെഹ്‌റു കോളജില്‍ ഇടിമുറിയായി പ്രവര്‍ത്തിക്കുന്നത് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയാണെന്ന് നേരെത്തെ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ജിഷ്ണു ബന്ധുക്കള്‍ പരാതിപ്പെട്ടു. ഇല്ലാത്ത യോഗത്തിന്റെ പേര് പറഞ്ഞാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമിച്ചില്ലെന്നുമാണ് ആരോപണം.

നെഹ്‌റു കോളെജിലെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തെത്തി. കേസ് തെളിയും വരെ പി. കൃഷ്ണദാസ് കോളജില്‍ കയറുന്നത് തടയണമെന്നും ആവശ്യപ്പെട്ട് അമ്മ പരാതി നല്‍കി. അതെ സമയം പാമ്പാടിയിലെയും ലക്കിടിയിലെയും കൊളജുകള്‍ ഇന്ന് തുറക്കും.

കോളജ് മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സംസ്ഥാനഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി. എസ് അച്യതാനന്ദന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.