രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സി.പി.എം – ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തി;മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചർച്ച

single-img
13 February 2017

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സി.പി.എം – ബി.ജെ.പി, ആര്‍.എസ്.എസ് സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചർച്ചയിൽ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, എംവി ഗോവിന്ദന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, നേതാക്കളായ ഒ രാജഗോപാല്‍, ആര്‍.എസ്.എസ് നേതാവ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചര്‍ച്ചയുടെ ഭാഗമായി നാളെ കണ്ണൂരില്‍ ജില്ലാ അടിസ്ഥാനത്തില്‍ യോഗം ചേരുന്നതിന് തീരുമാനമായി.

സമാധാനം സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നതിന് സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെറിയ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിക്കുന്നത്. പാര്‍ട്ടി അണികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണെന്ന് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.